എഡിറ്റര്‍
എഡിറ്റര്‍
ദേശിയഗാനത്തെ അപമാനിച്ച കേസ്: തരൂരിന്റെ ഹരജി തള്ളി
എഡിറ്റര്‍
Wednesday 16th January 2013 2:27pm

കൊച്ചി: ദേശിയ ഗാനത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഹരജി ഹൈക്കോടതി തള്ളി. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

Ads By Google

കേസില്‍ ശശി തരൂരിനെ കുറ്റ വിമുക്തനാക്കണമോയെന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. തീരുമാനമെടുക്കും വരെ കുറ്റപത്രം നല്‍കുന്നതും ഹൈക്കോടതി തടഞ്ഞു. കേസ് അടുത്തമാസം 16ന് മുമ്പ് തീര്‍പ്പാക്കണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം കേസില്‍ വിചാണ നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശശി തരൂരിന്റെ ഹരജി കോടതി തള്ളി.

പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം  സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തരൂരിനെതിരെ വിചാരണ നടപടികള്‍ നടത്തുന്നത്.

തന്നെ തേജോവധം ചെയ്യാനുദ്ദേശിച്ചുകൊണ്ടാണ് കേസെന്നും അതല്ലാതെ കേസില്‍ രാജ്യത്തിന് അപമാനമായ ഒരു കാര്യവും ഇല്ലെന്നും തരൂര്‍ ഹരജിയില്‍ അവകാശപ്പെട്ടിരുന്നു.

ദേശീയഗാനാലാപന യോഗം തടസ്സപ്പെടുത്തുകയോ, ദേശീയഗാനത്തോട് അനാദരവ് കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് തരൂരിന്റെ വാദം. ദേശീയഗാനാലാപന സമയത്ത് വലതുകൈ നെഞ്ചില്‍ ചേര്‍ത്ത് നില്‍ക്കാന്‍ ആഹ്വാനം ചെയ്തത് കൂടുതല്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയെന്ന സദുദ്ദേശ്യത്തിലാണെന്നും, ദുരുദ്ദേശ്യപരമായ പ്രോസിക്യൂഷന്‍ തടയണമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

2008 ഡിസംബര്‍ 16 ന് ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഹൊര്‍മിസ് ഫൗണ്ടേഷന്‍ സെമിനാറില്‍ ദേശീയ ഗാനം അറ്റന്‍ഷനായി നിന്ന് ചൊല്ലുന്നതിന് പകരം വലതു കൈ ഇടതു നെഞ്ചില്‍ വെച്ചു ചൊല്ലിയെന്നാണ് തൃശൂര്‍ സ്വദേശി ജോയി കൈതാരം കൊടുത്ത ഹര്‍ജിയിലെ ആരോപണം.

ദേശീയ ഗാനത്തെ അവഹേളിക്കുന്നത് നിരോധിക്കുന്ന നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരമുള്ള നടപടികള്‍ തരൂരിനെതിരേ സ്വീകരിക്കാന്‍ സി.ജെ.എം കോടതി നിര്‍ദേശിച്ചിരുന്നു.

ചടങ്ങ് സംബന്ധിച്ച സിഡി വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ട് തരൂര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് സി.ജെ.എം കോടതിയില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു.

Advertisement