തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു. എ.വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരടങ്ങിയ കമ്മീഷനാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിണറായി വിജയനാണ് റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ വായിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. പരാതി ഉന്നയിച്ച സ്ത്രീയോട് ശശി അപമര്യാദയായി പെരുമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും പുറത്താക്കലടക്കമുള്ള നടപടിയുണ്ടാവുക.

കണ്ണൂര്‍ ജില്ലാ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന എം.എല്‍.യുടെ മകളുമാണ് ശശിക്കെതിരെ പരാതി ഉന്നയിച്ചത്. ഇതില്‍ യാതൊരു വാസ്തവവുമില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നേരത്തെയുള്ള നിലപാട്. എന്നാല്‍ ശശിക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ശക്തമായ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ശശിക്കെതിരെ അന്വേഷണ കമ്മീഷനെ വെക്കാന്‍ തീരുമാനിച്ചത്. പരാതിയെതുടര്‍ന്ന് ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയ ശശിക്ക് ചികിത്സക്ക് വേണ്ടി അവധി നല്‍കുകയായിരുന്നുവെന്നാണ് പാര്‍ട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സ കഴിഞ്ഞെത്തിയ ശശി തന്നെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് സംസ്ഥാന സെക്രട്ടറിയോട് കത്തുമുഖേന ആവശ്യപ്പെട്ടിരുന്നു. വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുകയാണെന്ന് ശശി കത്തില്‍ ആരോപിച്ചിരുന്നു.

രാഷ്ട്രീയ ജ്യോത്സ്യം…

പി. ശശി പാര്‍ട്ടിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം