കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും രണ്ട് മക്കളുടേയും ദൂരൂഹമരണവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ശശീന്ദ്രന്റെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമൊയെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റി.

ശശീന്ദ്രന്റെ ദൂരൂഹമരണത്തെക്കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ല. ഭര്‍ത്താവിന്റെ മരണം ആത്മഹത്യയാണെന്ന് മൊഴി നല്‍കാന്‍ തന്നെ പോലീസ് നിര്‍ബന്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ഹരജില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട 2വിജിലന്‍സ് കേസുകളില്‍ സുപ്രധാന സാക്ഷിയാണ് ശശീന്ദ്രന്‍. ഈ കേസുകളില്‍ ആരോപണ വിധേയവരായവരില്‍ നിന്നും ശശീന്ദ്രന്‍ നിരന്തരം സമ്മര്‍ദ്ദം നേരിട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച് ശശീന്ദ്രന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന് കത്ത് അയച്ചിരുന്നു.

എന്നാല്‍ കത്ത് പിന്‍വലിക്കാനായി ഇവര്‍ ശശീന്ദ്രനില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഈ കേസില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ താനും കുടുംബാംഗങഌം തൃപ്തരല്ല. അതിനാല്‍ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.