കോഴിക്കോട്: മംഗളം ചാനലിന്റെ മാപ്പു പറച്ചിലിനെ സ്വീകരിച്ച് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍. ഖേദപ്രകടനം നന്നായെന്നും മന്ത്രി സ്ഥാനത്തെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തം തെറ്റ് സമ്മതിക്കുന്നവര്‍ക്ക് മാപ്പു നല്‍കുന്ന സ്വഭാവമാണ് മലയാളി സമൂഹത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ഖേദ പ്രകടിപ്പിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കോള്‍ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സി.ഇ.ഒ ആര്‍ അജിത്ത് കുമാര്‍ രംഗത്ത്. വിളിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമ പ്രവര്‍ത്തകയുമാണെന്നാണ് അജിത് കുമാര്‍ ചാനലിലൂടെ പറഞ്ഞത്.

ഇതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിതെന്നും സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഇതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് മംഗളം ടെലിവിഷനിലൂടെ വ്യക്തമാക്കി.

ചാനല്‍ പുറത്ത് വിട്ട ആദ്യ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളആണ് സമൂഹത്തില്‍ നിന്നുയര്‍ന്നിരുന്നത്. വിമര്‍ശകര്‍ ഉന്നയിച്ചത് പോലെ ഹണിട്രാപിലൂടെയാണ് മന്ത്രിയെ കുടുക്കിയതെന്നാണ് ചാനല്‍ സി.ഇ.ഒ വ്യക്തമാക്കിയിരിക്കുന്നത്.

‘വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ് അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും അജിത് കുമാര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണെന്നും ചാനല്‍ മേധവി വ്യക്തമാക്കി.


Also Read: ശശീന്ദ്രന്റെ ഫോണ്‍ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു


മുന്‍ കരുതലുകള്‍ ഇല്ലാതെയാണ് വാര്‍ത്ത പുറത്ത് വിട്ടതെന്നും മാംഗളം ചാനലിലൂടെ അജിത് കുമാര്‍ വ്യക്തമാക്കി. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്നും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് അജിത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. മംഗളം തിന്മക്കെതിരായ പോരാട്ടം തുടരും ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യങ്ങള്‍ പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് ഏറ്റു പറഞ്ഞു. ചാനലിനെതിരെ ഉയര്‍ന്ന വാദങ്ങളെ ശരിവയ്ക്കുന്നതാണ് സി.ഇ.ഒ വ്യക്തമാക്കിയിരിക്കുന്നത്.