തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി  വി. ശശീന്ദ്രന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയില്‍ സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനവരി 24ന് വൈകീട്ട് 8.45ഓടെയാണ് ശശീന്ദ്രനെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശശീന്ദ്രന്‍ രാജിവെക്കില്ലെന്നും ഭാര്യ ടീന ആരോപിച്ചിരുന്നു. മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

നേരത്തെ കസബ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. അന്വേഷണത്തിന് നേതൃത്വംനല്‍കുന്ന ഡിവൈ.എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തില്‍ ടീന, ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍ എന്നിവരില്‍നിന്നാണ് വിശദമായ മൊഴിയെടുത്തിരുന്നു.

നിലവില്‍ കരാറുകാരന്‍ വി.എം. രാധാകൃഷ്ണന്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി പി. സൂര്യനാരായണന്‍, എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.