ന്യൂദല്‍ഹി: രാഹുലിനെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ദല്‍ഹിയിലെത്തിയ ഹസാരെയുടെ അനുയായികളും ഗ്രാമീണരും തിരിച്ചുപോകുന്നു. ഹസാരെ സംഘത്തെ ചര്‍ച്ചക്ക് വിളിച്ചെന്ന വാര്‍ത്ത രാഹുല്‍ ഗാന്ധി നിഷേധിച്ചിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ ഓഫീസ് വ്യക്തമാക്കിയതിനാല്‍ തങ്ങള്‍ തിരിച്ചുപോകുകയാണെന്ന് ഹസാരെ അനുയായികള്‍ അറിയിച്ചു.

Subscribe Us:

രാഹുല്‍ഗാന്ധിയും പി.ടി തോമസും ചര്‍ച്ചയ്ക്കായി തങ്ങളെ ദല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഹസാരെ സംഘം ദല്‍ഹിയിലെത്തിയത്. പി.ടി തോമസ് എം പി റാലഗന്‍ സിദ്ധി സന്ദര്‍ശിച്ച സമയത്ത് രാഹുലുമായുള്ള ചര്‍ച്ചക്ക് തങ്ങളോട് ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങള്‍ ഇവിടെയത്തിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ദല്‍ഹിയിലെത്തിയ ഇവര്‍ക്ക് രാഹുലിനെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിക്കാത്തതിനാല്‍ തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ രാഹുലുമായുള്ള ചര്‍ച്ചക്ക് ആഗ്രഹം പ്രകടിപ്പിച്ച ഹസാരെ സംഘത്തോട് അനുമതിക്ക് അപേക്ഷ അയക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നാണ് പി. ടി തോമിന്റെ വാദം. ആശയവിനിമയത്തിലുണ്ടായ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 18ന് 9 മണിക്ക് രാഹുലിനെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനാലാണ് തങ്ങള്‍ ഇവിടെ വന്നതെന്നാണ് ഹസാരെ സംഘം പറയുന്നത്. പി.ടി തോമസ് എം.പിയുടെ വാക്ക് വിശ്വസിച്ചാണ് ഇവിടെ വന്നത്. ഇപ്പോള്‍ എം.പി പറയുന്നത് ആശയവിനിയമത്തിലുണ്ടായ പ്രശ്‌നമാണെന്നാണ്. അതിനാല്‍ തങ്ങള്‍ ഇപ്പോള്‍ തിരിച്ചുപോകുകയാണെന്നും ഹസാരെ സംഘം വ്യക്തമാക്കി.

എം.പി പറഞ്ഞതനുസരിച്ച് തങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവാദം നല്‍കണമെന്ന് തങ്ങള്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. നിരവധി തവണ പി.ടി തോമസിന്റെ ഓഫീസുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നും തങ്ങളെ വിളിച്ചിരുന്നു. ഹസാരെയുടെ പ്രധാന സഹായിയായ സുരേഷ് പഥാരെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഈഗോ പ്രശ്‌നമാണ് തങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഹസാരെ കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് ക്ഷണിച്ചെന്ന വാര്‍ത്ത വിവാദമായിരിക്കുകയാണ്.