എഡിറ്റര്‍
എഡിറ്റര്‍
മോഡിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശര്‍മയുടെ സത്യവാങ്മൂലം
എഡിറ്റര്‍
Sunday 24th November 2013 11:20pm

Modi

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മോഡിയുടെ ആവശ്യപ്രകാരം ഗുജറാത്ത് പൊലീസ് നിരീക്ഷിച്ച യുവതിയ്ക്ക് മോഡി എസ്.എം.എസ് അയച്ചിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്. മോഡി അയച്ചതെന്ന് പറഞ്ഞ് യുവതി തന്നെ എസ്.എം.എസ് കാണിച്ചിരുന്നു. അതേ നമ്പറിലേയ്ക്ക് തിരികെ വിളിച്ച് അത് മോഡിയുടെ നമ്പര്‍ തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു. ശര്‍മ വ്യക്തമാക്കുന്നു.

യുവതിയോട് മോഡിയ്ക്ക് താല്പര്യം തോന്നിയതിനെ തുടര്‍ന്നാണ് നിരീക്ഷണം ആരംഭിച്ചത്. യുവതിയും മറ്റൊരാളും തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ വെളിവാക്കുന്ന സി.ഡി തന്റെ പക്കലുണ്ടെന്ന് മോഡി വിശ്വസിച്ചിരുന്നു. അതിനാലാണ് തന്നെയും കള്ളക്കേസില്‍ കുടുക്കിയത്.

ഈ സി.ഡിയ്ക്ക് വേണ്ടി തന്റെ വീട്ടില്‍ അതിരാവിലെ റെയ്ഡ് നടത്താനും മോഡി തയ്യാറായെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.

തന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യുവതിയെ നിരീക്ഷിച്ചതെന്നുള്ള യുവതിയുടെ പിതാവിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാധ്യമങ്ങളില്‍ വിവാദമായതോടെ ഇത്തരമൊരു കത്ത് പിതാവിന്റെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങുകയായിരുന്നു.

ഈ വാദം അംഗീകരിച്ചാലും തന്നെ നിരീക്ഷിച്ചതിന് അത് കാരണമാകുന്നില്ലെന്ന് പ്രദീപ് ശര്‍മ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത മാസം ആദ്യമാണ് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തുക.

Advertisement