എഡിറ്റര്‍
എഡിറ്റര്‍
എന്റെ രണ്ടു മക്കളാണേ സത്യം സരിതയെ ഞാന്‍ ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ല; എ.പി. അബ്ദുള്ളക്കുട്ടി
എഡിറ്റര്‍
Thursday 12th October 2017 10:07am

തിരുവനന്തപുരം: സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് തന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി.

എന്റെ രണ്ടു മക്കളാണെ സത്യം ആ സ്ത്രീയെ ഞാന്‍ ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണിത്. ഇനി എല്‍.ഡി.എഫ് സര്‍ക്കാരും അന്വേഷിക്കട്ടെയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്ത സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിന്റ പ്രതികരണം.


Dont Miss ലോകത്തില്‍ ഏറ്റവുമധികം പോഷകാരാഹക്കുറവുള്ള കുട്ടികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന


അതേസമയം വേങ്ങര ഉപതിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൊതുസമൂഹം വിലയിരുത്തുമെന്നും ആരെയും ഭയക്കുന്നില്ലെന്നും ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. രാഷ്ട്രീയമായി തകര്‍ക്കാമെന്ന വ്യാമോഹം നടപ്പില്ല. ഇക്കാര്യങ്ങള്‍ രാഷ്ട്രീയമായി നേരിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയേണ്ടതു പാര്‍ട്ടി, മുന്നണി നേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേസിന്റെ വിശ്വാസ്യതയെക്കുറിച്ചു ജനങ്ങള്‍ക്ക് അറിവുണ്ടെന്നും തെളിവുകള്‍ പരസ്യമാക്കണമെന്നും കമ്മിഷനോട് അഭ്യര്‍ഥിച്ചിരുന്നെന്നും കെ.സി വേണുഗോപാല്‍ എം.പി പ്രതികരിച്ചു. എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കില്‍ നിയമാനുസൃതം അറിയിക്കുമായിരുന്നു എന്നാണു കമ്മീഷന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും
നിയമോപദേശം നല്‍കിയതു സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച എജിയും ഡിജിപിയുമാണെന്നും ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു.

ഈ ആരോപണങ്ങള്‍ ആദ്യമുയര്‍ന്ന സമയത്തുതന്നെ ഏത് ഏജന്‍സിയും അന്വേഷിക്കട്ടേയെന്ന നിലപാടാണെടുത്തതെന്നും അതുകൊണ്ട് തന്നെ യാതൊരു ഭയപ്പാടുമില്ലെന്നും എ.പി അനില്‍കുമാര്‍ എം.എല്‍.എ പ്രതികരിച്ചു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. പ്രതികരിച്ചു.

‘തട്ടിപ്പുകാര്‍ പറയുന്നതിനേക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ ഞങ്ങള്‍ക്കുണ്ട്. പൊതുസമൂഹം ഈ നാടകം കണ്ടുമടുത്തിരിക്കുകയാണ്’ എന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ ഇടപാടില്‍ സഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് സരിതയെഴുതിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൊട്ട് മുന്‍ ഐ.ജി കെ.പത്മകുമാര്‍ വരെയുള്ളവരുടെ പേരുകളുണ്ട്.

Advertisement