എഡിറ്റര്‍
എഡിറ്റര്‍
സരിത വസ്ത്രം വാങ്ങിയത് 13 ലക്ഷത്തിന് : ശാലുവിന് വീടുവെക്കാന്‍ ബിജു നല്‍കിയത് 1 കോടിയിലേറെ
എഡിറ്റര്‍
Tuesday 7th January 2014 12:46pm

saritha-and-biju

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പ് തുക ചിലവാക്കിയ കണക്ക് പുറത്തായി.

ചലച്ചിത്രതാരങ്ങള്‍ക്ക് സംഭാവന നല്‍കിയ വകയില്‍ 20 ലക്ഷം രൂപയാണ് ചിലവാക്കിയത്. സ്വകാര്യ ഹോട്ടലില്‍ അവാര്‍ഡ് നിശ നടത്താനായി 20 ലക്ഷം രൂപയും മൂന്ന് വര്‍ഷത്തെ വീട്ടു ചെലവ് വകയില്‍ 20 ലക്ഷം രൂപയും ചിലവാക്കി.

6 ലക്ഷം രൂപ സരിത ആകെ സമ്പാദിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍. അതേസമയം സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

അതുകൊണ്ട് തന്നെ തട്ടിപ്പ് പണത്തിന്റെ യഥാര്‍ത്ഥ കണക്ക് ലഭ്യമാക്കാനും തരമില്ല.

13 ലക്ഷം രൂപയ്ക്കാണ് സരിത വസ്ത്രങ്ങള്‍ വാങ്ങിയത്. ബിജു ശാലുവിന് വീട് പണിയാനായി 1 കോടി 21 ലക്ഷം രൂപയാണ് നല്‍കിയത്. പോലീസിന്റെ റിപ്പോര്‍ട്ടിലാണ് സരിതയും ബിജുവും ചിലവാക്കിയ ഈ തുകയുടെ കണക്കുള്ളത്.

ടീം സോളാറിന്റെ അക്കൗണ്ടില്‍ നിന്നാണ് ബിജുവും സരിതയും ഈ പണം എടുത്തിരിക്കുന്നത്.

എന്നാല്‍ സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് തട്ടിപ്പ് നടത്തിയ പണം കൊണ്ടാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.

കോടതിയില്‍ കേസ് ഒത്തുതീര്‍ക്കാനായി പണം നല്‍കിയത് ബന്ധുക്കളോ അഭ്യുദയകാംക്ഷികളോ ആയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

സരിതക്ക് രണ്ട് കേസില്‍ കൂടി ഇന്ന് ജാമ്യം കിട്ടിയിരുന്നു. ഹൈക്കോടതിയിലാണ് ജാമ്യം അനുവദിച്ചത്.

എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പണം തട്ടിപ്പ് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.  ഫാദര്‍ ലൂയിഡ്, വി.പി.ജോയ് എന്നിവരില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്.

എന്നാല്‍ രണ്ട് കേസുകളില്‍ കൂടി സരിതയ്ക്ക് ജാമ്യം ലഭിക്കാനുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പല കേസുകളും സരിത പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Advertisement