സ്‌റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം രണ്ട് അമേരിക്കക്കാര്‍ പങ്കിട്ടു. അമേരിക്കന്‍ പ്രൊഫസര്‍മാരായ തോമസ് സാര്‍ജെന്റും ക്രിസ്റ്റഫര്‍ സിംസുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സ്ഥൂല സാമ്പത്തിക ശാസ്ത്രത്തില്‍ നടത്തിയ ഗവേഷണത്തിനും കണ്ടെത്തലുകള്‍ക്കുമാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്

പലിശ നിരക്ക് ഉയര്‍ത്തുന്നതും നികുതി കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള സാമ്പത്തിക നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയേയും പണപ്പെരുപ്പത്തേയും എങ്ങനെ ബാധിക്കുമെന്ന സംബന്ധിച്ച ഇരുവരുടെയും ഗവേഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഇരുവരുടെയും സംഭാവനകള്‍ സ്ഥൂല സാമ്പത്തിക അപഗ്രന്ഥനത്തിന് വളരെയധികം സഹായകരമാണെന്നും അക്കാദമി വിലയിരുത്തി.

Subscribe Us:

ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസറാണ് തോമസ് സാര്‍ജെന്റ്. പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രിസ്റ്റഫര്‍ സിംസ് ഇരുവര്‍ക്കും 68 വയസ്സാണ് പ്രായം. ഡിസംബര്‍ 10ന് ആല്‍ഫ്രെഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

1895ല്‍ ആരംഭിച്ച നൊബേല്‍ സമ്മാനങ്ങളില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ഉണ്ടായിരുന്നില്ല. പിന്നീട് ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണാര്‍ഥം 1968ല്‍ സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം തുടങ്ങി വച്ചത്.