ടൂറിസം വികസനത്തിന്റെ പേരില്‍ മലിനമാക്കപ്പെടുന്ന ഗ്രാമവിശുദ്ധി സംരക്ഷിക്കാനായി സംഘംചേരുന്ന നാട്ടുകാരുടെ കഥ പറയുന്ന ചിത്രാമണ് സ്‌നേഹാദരം. ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് കുന്നുമ്മലാണ്. ഒരു പുഴയെ ആശ്രയിച്ച് ജീവിക്കുന്ന ഗ്രാമീണരുടെ കഥയാണിത്.

തലൈവാസല്‍ വിജയിയാണ് ചിത്രത്തില്‍
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെ പ്രിയങ്കരനായ കുമാരേട്ടനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കുമാരേട്ടന്‍ അന്ധനാണ്. കുമാരേട്ടന്റെ കണ്ണും കരളും ഭാര്യ കൗസുമവാണ്. മുന്‍കാല നായിക ശാരിയാണ് കൗസുവായെത്തുന്നത്. ഇവരുടെ മകനാണ് പ്രിയന്‍. പുതുമുഖം ജോജിയാണ് പ്രിയനായെത്തുന്നത്. നാട്ടുകാര്‍ക്കെല്ലാര്‍ക്കും പ്രിയന്‍ സ്വന്തം കുട്ടിയെപ്പോലെയാണ്. എല്ലാവര്‍ക്കുമുണ്ട് ഈ യുവാവില്‍ ഒരു പ്രതീക്ഷ.

ഇനി ഈ നാടിന്റെ ഭാവി അവന്‍ നോക്കിക്കൊള്ളുമെന്ന് അവര്‍ ആശ്വസിക്കുന്നു. ദില്ലിയില്‍ സിവില്‍സര്‍വ്വീസ് പരീക്ഷയ്ക്കായി അവനെ യാത്രയാക്കാന്‍ ആ ഗ്രാമം മുഴുവന്‍ എത്തുന്നുണ്ട്. മകന്‍ ഐ.എ.എസ് നേടുക യെന്ന വലിയ സ്വപ്നം കുമാരേട്ടനും ഭാര്യ കൗസുവും ഒപ്പം നാട്ടുകാരും കാലങ്ങളായ്
കൊണ്ടുനടക്കുന്നതാണ്.

സരയുവാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമായ പുഴയും പ്രകൃതിയും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന നാട്ടുകാരുടെ കഥപറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആനന്ദക്കുട്ടനാണ്. വിനോദ് കെ.പയ്യന്നൂരിന്റെ കഥയ്ക്ക് സി.ആര്‍ ചന്ദ്രനാണ് തിരക്കഥയെഴുതുന്നത്.

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാമുക്കോയ, ജഗതി, ശശികലിംഗ, നാരായണന്‍ കുട്ടി, ഇടവേളബാബു, വിനോദ്, ശാരി, കല്പന, രമാദേവി, മഞ്ജു, ബിന്ദു വാരാപ്പുഴ, എന്നിവര്‍ പ്രധാന
വേഷങ്ങളില്‍ അണിനിരക്കുന്നു.

പ്രശാന്ത് കൃഷ്ണയും ജിതേഷ്‌കുമാറും എഴുതിയ പാട്ടുകള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണമിടുന്നു.