തമിഴ് സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിപ്പോ മലയാള സിനിമയിലെ പതിവ് മുഖമായി മാറിയിരിക്കുന്നു. ചരിത്രസിനിമയായ പഴശ്ശിരാജയിലെ എടച്ചേന കുങ്കനെന്ന കഥാപാത്രത്തിലൂടെ മലയാളത്തിലരങ്ങേറിയ ശരത് കുമാര്‍ പിന്നീട് ഒരിടത്തൊരു പോസ്റ്റ്മാന്‍, ദി മെട്രോ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലഭിനയിച്ചു. പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുന്ന അച്ഛന്റെ ആണ്‍മക്കളാണ് ശരത്തിന്റെ പുതിയ മലയാള സിനിമ. സിനിമയില്‍ നരസിംഹമെന്ന പോലീസ് ഓഫീസര്‍ക്കാണ് ശരത് ജീവന്‍ നല്‍കുന്നത്.

ഒരു പോലീസ് കുടുംബത്തിന്റ കഥയാണ് സിനിമ. സിനിമയില്‍ റിട്ടയേര്‍ഡ് പോലീസ് ഡയറക്ടര്‍ ജനറലായ മാധവമേനോനായി നെടുമുടി വേണു അഭിനയിക്കുന്നു. മാധവമേനോന്റെ രണ്ട് പോലീസ് ഓഫീസറായ മരുമക്കളായി ശരത് കുമാറും ജഗദീഷും വേഷമിടുന്നു. മേഘ്‌നാറായിയും ലക്ഷമിശര്‍മ്മയുമാണ് നെടുമുടി വേണു അവതരിപ്പിക്കുന്ന മാധവമേനോന്റെ രണ്ട് പെണ്‍മക്കളായി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, അനില്‍ മുരളി, ദേവന്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു.

രാജപ്രഭാ ക്രിയേഷന്റെ ബാനറില്‍ ചന്ദ്രശേഖരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സതീഷ് മണ്ണൂരിന്റെ കഥക്ക് എന്‍ എം നവാസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതസംവിധാനം ജാസി ഗിഫ്റ്റ് നിര്‍വ്വഹിക്കും.