എഡിറ്റര്‍
എഡിറ്റര്‍
‘അവള്‍ ആരേയും ഭയന്നില്ല, ലോകത്തോട് പറയാനുള്ളത് വിളിച്ചു പറഞ്ഞു’; ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയ്ക്ക് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങളും ഹാദിയയ്ക്ക് ലഭിച്ചിരിക്കണമെന്നും സാറാ ജോസഫ്
എഡിറ്റര്‍
Monday 27th November 2017 6:24pm

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് ഹാദിയ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതുസമൂഹത്തോടാണെന്ന് സാറാ ജോസഫ്. ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയ്ക്ക് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങളും ഹാദിയയ്ക്ക് ലഭിച്ചിരിക്കണമെന്നും സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് വ്യക്തമാക്കി.

‘ആരേയും ഭയപ്പെട്ടില്ല ആ പെണ്‍കുട്ടി. സത്യം മറച്ചു വെച്ചില്ല. തനിക്ക് ലോകത്തോട് പറയാനുള്ളത് കിട്ടിയ സന്ദര്‍ഭം അവള്‍ കൃത്യമായി ഉപയോഗിച്ചു. മരണത്തേക്കാള്‍ ശക്തമാണ് പ്രണയം. അത് മനസിലാക്കാന്‍ ജാതി മത കോമരങ്ങള്‍ക്ക് കഴിയില്ല.’ സാറാ ജോസഫ് പറയുന്നു.

ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പവും അച്ഛന്‍ അശോകന് ഒപ്പവും വിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സര്‍വ്വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയയനാക്കി ഉത്തരവിറക്കിയ കോടതി ഹാദിയയ്ക്ക് കോളേജിലേക്ക് പോകാമെന്നും വ്യക്തമാക്കി. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി.

കേരളത്തിനാണ് ഹാദിയയെ സേലത്ത് എത്തിക്കാനുള്ള ഉത്തരവാദിത്വം. സേലത്ത് സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ തമിഴ്‌നാട് പൊലീസ് സുരക്ഷയൊരുക്കണമെന്നും സുപ്രീം കോടതി. അശോകന്റെ ആവശ്യം തള്ളി ഹാദിയയെ തുറന്ന കോടതിയിലാണ് കോടതി കേട്ടത്. മലയാളത്തിലാണ് ഹാദിയ തന്റെ വാദം പറഞ്ഞത്. തന്നെ സ്വതന്ത്ര്യയാക്കണമെന്ന് ഹാദിയ കോടതിയില്‍ അറിയിച്ചു. എന്താണ് സ്വപ്‌നമെന്ന ജഡ്ജിമാരുടെ ചോദ്യത്തിന് എനിക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഹാദിയയുടെ മറുപടി.

അതേമസമയം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു കേസ് ഇതാദ്യമായാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനം വേണ്ടെന്നും പഠനചിലവ് തന്റെ ഭര്‍ത്താവ് വഹിക്കുമെന്നും വിശ്വാസമനുസരിച്ച് ജീവിക്കണമെന്നും ഹാദിയ കോടതിയെ അറിയിച്ചു. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സംസാരിക്കുന്നത്.

ലോക്കല്‍ വേണമോ എന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്നായിരുന്നു ഹാദിയയുടെ മറുപടി. സേലത്ത് പഠനം തുടരാനാണ് ആഗ്രഹമെന്ന് പറഞ്ഞ ഹാദിയ കോളേജ് ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാമെന്ന കോടതി നിര്‍ദ്ദേശത്തേയും നിരസിച്ചു.

നേരത്തെ ഹാദിയയ്ക്ക് പറയാനുള്ളതല്ല ചാനലില്‍ വരുന്നതാണ് ചര്‍ച്ച ചെയ്യുന്നതെന്നും എന്‍.ഐയുടെ അന്വേഷണം കോടതിയുടെ അനുമതിയോടെയല്ലെന്നും ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഇനി തെറ്റായ ഒരു വ്യക്തിയെയാണ് ഹാദിയ വിവാഹം ചെയ്തതെങ്കില്‍ അത് അവളുടെ ഇഷ്ടമാണെന്നും അതിന്റെ അനന്തരഫലം അവര്‍ തന്നെ അനുഭവിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.


Also Read: ശ്രീലങ്കയെ തകര്‍ത്ത് ചരിത്ര വിജയവുമായി ഇന്ത്യ ; ലങ്കയെ തോല്‍പ്പിച്ചത് ഇന്നിങ്സിനും 239 റണ്‍സിനും


അതേസമയം, ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് അച്ഛന്‍ അശോകന്റെ വക്കീല്‍ ആവശ്യപ്പെട്ടു. എന്‍.ഐ.എ അവസാനമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. ഹാദിയയുമായി ജഡ്ജിമാര്‍ നേരിട്ട് സംസാരിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. അതേസമയം, ഷെഫിന്‍ ജഹാനെതിരെ കൂടുതല്‍ വിവരങ്ങളുമായാണ് എന്‍.ഐ.എ കോടതിയിലെത്തിയത്. ഐ.എസ് റിക്രൂട്ട്മെന്റ് സംഘവുമായി ഷെഫിന് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കോടതിയെ ചൂണ്ടിക്കാണിച്ചു. ഹാദിയയെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയാക്കിയെന്നും എന്‍.ഐ.എ.

ഐ.എസ്. റിക്രൂട്ടര്‍ മന്‍സിയുമായി ഷെഫിന്‍ ബന്ധപ്പെട്ടെന്നും ഷെഫിന്റെ ഐ.എസ് ബന്ധം തെളിയിക്കാന്‍ വീഡിയോ ഉണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. മതപരിവര്‍ത്തനത്തിനുള്ള സ്ഥലമായാണ് സത്യസരണി പ്രവര്‍ത്തിച്ചു വരുന്നതെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. സത്യസരണിയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളില്‍ അന്വേഷണം തുടര്‍ന്നു വരികയാണെന്നും എന്‍.ഐ.എ. സമാനമായ 11 കേസുകളില്‍ 7ലും സത്യസരണിയ്ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു.

Advertisement