എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി; ജനകീയ പോരാട്ടങ്ങളുടെ രാഷ്ട്രീയരൂപം – സാറ ജോസഫ് സംസാരിക്കുന്നു
എഡിറ്റര്‍
Wednesday 26th March 2014 2:19pm

ഈ കോര്‍പ്പറേറ്റ് ശക്തികള്‍ എല്ലാവരും കൂടി ഇന്ന് മോദിയെ പിന്തുണയ്ക്കുന്നു. കാരണം ഗുജറാത്ത് അവര്‍ക്ക് തീറെഴുതി കൊടുത്തത് പോലെ ഇന്ത്യ മൊത്തമായി തീറെഴുതിക്കിട്ടാനുള്ള അവസരമാണ് അവര്‍ മോദിയിലൂടെ കാണുന്നത്. അതിന്  ഉപയോഗിക്കുന്നതാവട്ടെ തികഞ്ഞ വര്‍ഗീയ-ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങളും. ഇവിടെയുള്ള പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമെല്ലം ഈ ഫാഷിസ്റ്റ് മൂലധന കൂട്ടുകെട്ടിന്റെ ഇരകളാണ്. 

ഹിറ്റ്‌ലറെ  പിന്തുണച്ചിരുന്ന  വോക്‌സ് വാഗണ്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ശക്തികളുടെ അതേ റോളാണ് അംബാനിമാര്‍ ഇവിടെയും ചെയ്യുന്നത്.  ഇതിനെതിരെയാണ് ആം ആദ്മി പോരാടുന്നത്. അങ്ങേയറ്റം അപകടകരമായ ഈ ഫാഷിസ്റ്റ്  കോര്‍പ്പറേറ്റ് കൂട്ട്  കെട്ടിനെതിരെ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്ന് വരുന്നതിലെ അപകടം മനസ്സിലായതുകൊണ്ടാണ് ഇവരെല്ലാം ആം ആദ്മിയ്ക്കും കെജ്‌രിവാളിനുമെതിരെ കരുക്കള്‍ നീക്കുന്നത്.

 


sarah-joseph-580

line

ഫേസ് ടു ഫേസ് / സാറ ജോസഫ്

line
65 വര്‍ഷങ്ങള്‍ക്കിപ്പുറവും  ജനാധിപത്യത്തിന്റെ അധികാരം ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല, അവര്‍ക്ക് ആകെയുള്ള അധികാരം അഞ്ച് വര്‍ഷത്തിലൊരിയ്ക്കല്‍ വോട്ട് ചെയ്യുക എന്നത് മാത്രം. ജനകീയ മുന്നേറ്റത്തില്‍ നിന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവുകയാണ്. ആ പാര്‍ട്ടിയ്ക്ക് ജനങ്ങളുടെ പേരായ ആം ആദ്മി എന്ന് പേരിടുകയാണ്, അവര്‍ക്ക് സുപരിചിതമായ ചൂലിനെ പ്രതീകമാക്കി അവര്‍ പോരാടുകയാണ്… ആദ്യം ജനകീയ മുന്നേറ്റം, അതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടി, പിന്നീട് പ്രത്യയശാസ്ത്രം എന്ന ഘടനയുമായി.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും മലയാളികളുടെ പ്രിയ എഴുത്തുകാരിയുമായ സാറാ ജോസഫ്, നസിറുദ്ധീന്‍ ചേന്ദമംഗല്ലൂരുമായുള്ള സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നു.  67ാം വയസിലെ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്, ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യശാസ്‌ത്രേതരമായ ഘടനയെക്കുറിച്ച്… ജനാധിപത്യം, ജനകീയസമരങ്ങള്‍, അഴിമതി എന്നിവയെക്കുറിച്ച്……

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു വാര്‍ത്തയായിരുന്നു ടീച്ചര്‍ രാഷ്ട്രീയത്തില്‍ ചേരുക എന്നത്, അതും ആം ആദ്മി പാര്‍ട്ടിയില്‍. എന്താണ് ഇതിലേക്ക് നയിച്ച സാഹചര്യം ?

എനിക്ക് 67 വയസ്സായി. ഞാന്‍ ഇത് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും  അംഗമായിട്ടില്ല, പ്രവര്‍ത്തിച്ചിട്ടില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കുകയോ നില്‍ക്കുകയോ ചെയ്തിട്ടില്ല.

വര്‍ദ്ധിച്ച് വരുന്ന ജനകീയ സമരങ്ങള്‍ അവസാന നിമിഷം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്തത് കൊണ്ടോ അവരുടെ വഞ്ചനാപരമായ നിലപാട് കൊണ്ടോ  പാഴായിപ്പോവുന്ന അനുഭവങ്ങളാണ്  കണ്ടത്.

ഇപ്പോള്‍ കേരളത്തിന്റെ സാഹചര്യം തന്നെ എടുത്താല്‍ എന്‍ഡോസള്‍ഫാന്‍ മേഖല തൊട്ട് വിളപ്പില്‍ശാല വരെ കേരളത്തില്‍ ഉടനീളം ജനങ്ങള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു സമരത്തിനിറങ്ങി. ഇതെല്ലാം വിവിധ പ്രശ്‌നങ്ങളാണ്, ഒരേ പോലെയുള്ളതല്ല.

പലവിധ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും അസഹനീയമായ വിധത്തില്‍ എത്തുമ്പോഴാണ് അവര്‍ സമരത്തിന്  ഇറങ്ങുന്നത്. കാരണം സമരത്തിനിറങ്ങിയാല്‍ ആ സമരം വിജയിപ്പിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും അവരുടെ കൂടെയുണ്ടാവില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ട സമരം അവര്‍ ഏറ്റെടുക്കാത്തതുകൊണ്ടാണ് ജനങ്ങള്‍ സമരം ചെയ്യേണ്ടി വരുന്നത്.

ഈ പ്രശ്‌നങ്ങളെല്ലാം വ്യത്യസ്ത സ്വഭാവമാണെങ്കിലും ഒന്ന് എടുത്തു പറയണം തോന്നുന്നു. ഇതില്‍ മൂലധന ശക്തികളും അവരെ പിന്തുണയ്ക്കുന്ന മുഖ്യധാരാ പാര്‍ട്ടികളും വിവിധ മാഫിയകളും ഒരു വശത്തും മറ്റുള്ളവര്‍ പ്രത്യേകിച്ചും  പാര്‍ശ്വവല്‍കൃത ദുര്‍ബല വിഭാഗങ്ങളും സ്ത്രീകളും മറുവശത്തും ആയിരുന്നു ഇതിലെല്ലാം ഉണ്ടായിരുന്നത്.nasirudheen

മൂലധന രാഷ്ട്രീയത്തിന്റെ ഒരു അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. വികസനം എന്ന പേരിട്ട്   കോര്‍പറേറ്റുകളെ ക്ഷണിച്ചു വരുത്തുക, കോര്‍പറേറ്റുകള്‍ പദ്ധതികള്‍ രൂപീകരിക്കുക, ഈ പദ്ധതികള്‍ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും കൂടി രഹസ്യമായി പാസാക്കുക, ഈ പദ്ധതികള്‍ ജനങ്ങളുടെ മേല്‍ വികസനം എന്ന പേരില്‍ അടിച്ചേല്‍പിക്കുക…

ഇതാണിപ്പോള്‍ നടപ്പുരീതി. പദ്ധതികളിലേക്കാണ് പണം ഒഴുകുന്നത്. ഇങ്ങനെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകള്‍ തന്നെ ജനാധിപത്യത്തെ ഛിന്നഭിന്നമാക്കുന്ന പ്രക്രിയയാണ് നാം കാണുന്നത്.

ജനാധിപത്യത്തിന്റെ അടിസ്ഥാന ശക്തി ജനങ്ങളാണ്. 65 കൊല്ലമായി ആ രീതിയിലുള്ള ജനങ്ങള്‍ക്ക് അധികാരം കിട്ടുക എന്ന അവസ്ഥ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് ആകെയുള്ള ഒരധികാരം 5 വര്‍ഷത്തിലൊരിക്കല്‍ വോട്ട്  ചെയ്യുക എന്നത് മാത്രമാണ്. ആ ഒരു പങ്കാളിത്തം മാത്രമാണ് ജനങ്ങള്‍ക്ക് അധികാരത്തില്‍ ഉള്ളത്.

മറിച്ച് നമ്മള്‍ കണ്ടത് ജനങ്ങളുടെ അധികാരം, പരമാധികാരം എന്ന്  ഭരണഘടന പറയുന്നത്, ആദ്യം തന്നെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍, കുറച്ചു മന്ത്രിമാരില്‍, എം.എല്‍.എമാരില്‍ കേന്ദ്രീകരിച്ചു നിര്‍ത്തി.

അതിന്റെ എല്ലാ infrastructure-ഉം  അവരുടെ കൈപ്പിടിയിലാക്കി. ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ എല്ലാം തന്നെ അവരില്‍ മാത്രം കേന്ദ്രീകൃതമായി. എന്നിട്ട് നമ്മുടെ നികുതിപ്പണത്തെ, നമ്മുടെ വിഭവങ്ങളെ ഒക്കെ ചൂഷണം ചെയ്യാനുള്ള ഒരു അധികാര ശക്തിയായി അവര്‍ നിലകൊണ്ടു.

ഇതിന്  ഏറ്റവും അധികം ആക്കം കൂട്ടിയത്  മുതലാളിത്തം ആണ്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നല്ല പറഞ്ഞത്. പക്ഷേ മുതലാളിത്തത്തിന്റെ വരവോടെ അത് ദൃശ്യമല്ലാതെയും കുറച്ചു കൂടി sophisticated ആയും മാറി.

അമൂര്‍ത്തമായ ചൂഷണമായി മാറുന്നത് അങ്ങനെയാണ്. മറ്റേത്  നമുക്ക് പറയാം, ജന്മികുടിയാന്‍ എന്ന രീതിയില്‍ പ്രകടമായിരുന്നു എന്ന്.

നമ്മള്‍ക്ക് അറിയാം WTO വരുന്നതോടെ ഇതില്‍ വന്ന മാറ്റം. ആദ്യം 150ഓളം  രാഷ്ട്രങ്ങളിലെ കമ്പനികളാണ് ഈ കരാറില്‍  ഒപ്പ് വെച്ചത്. അപ്പോള്‍ ഈ രാഷ്ട്രങ്ങളിലെ കമ്പനികള്‍  പരസ്പരം ഉണ്ടാക്കുന്നത് ആ രാഷ്ട്രങ്ങളിലെ വിഭവങ്ങള്‍ ഉപയോഗിച്ച്  വ്യവസായവല്‍കരണമോ മറ്റെന്തെങ്കിലുമോ നടത്തുന്നതിനുള്ള അധികാരം ഈ കോര്‍പറേറ്റ്  ശക്തികള്‍ക്ക് ഉണ്ടായിരിക്കുമെന്ന കരാറുകളാണ്.

പക്ഷേ ഇതൊരിക്കലും ദരിദ്ര രാഷ്ട്രങ്ങള്‍ക്ക്  സമ്പന്ന രാഷ്ട്രങ്ങളില്‍ പോയി ചെയ്യാന്‍ പറ്റില്ല. മറിച്ച്‌നമ്മള്‍ കാണുന്നത് സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളില്‍ അല്ലെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ വന്ന്  അവിടത്തെ വിഭവങ്ങള്‍  ഉപയോഗിച്ച് അവരെ തന്നെ ചൂഷണം ചെയ്യുന്നതാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement