എഡിറ്റര്‍
എഡിറ്റര്‍
ശാരദ ചിട്ടി തട്ടിപ്പ്: മമതയെ വെട്ടിലാക്കി കുനാല്‍ ഘോഷ് എം.പി
എഡിറ്റര്‍
Saturday 23rd November 2013 11:43am

mamatha

കൊല്‍ക്കത്ത: ശാരദാ ചിട്ടിക്കമ്പനി തട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയെ കുടുക്കിലാക്കി സസ്‌പെന്‍ഷനില്‍ കഴിയുന്ന തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ്.

ശാരദ തട്ടിപ്പ് കേസില്‍ ഏത് നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ച് കഴിയുന്ന കുനാല്‍ ഘോഷ് എം.പിയാണ്  പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന ബോംബ് പൊട്ടിച്ചത്. ശാരദാ ചിട്ടികമ്പനി സി.ഇ.ഒ സുദീപ്ത സെന്നും മമത ബാനര്‍ജിയുമായി അടുത്ത ബന്ധമാണുള്ളതെന്നും മമതയെ പ്രധാനമന്ത്രിയാക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന്  മാധ്യമസ്ഥാപനം ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍.

‘നിങ്ങള്‍ പ്രധാനമന്ത്രിയാകുന്നതില്‍ സഹായിക്കാനായി ഞാന്‍ മാധ്യമസ്ഥാപനം ഒരുക്കുകയാണ്.’ എന്നാണ് മമതയോട് സുദീപ്ത സെന്‍ പറഞ്ഞതെന്ന് ഇദ്ദേഹം അവകാശപ്പെട്ടു.

തന്റെ വസതിയില്‍ ധൃതിയില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് കുനാല്‍ ഘോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്നലെ രാത്രി വൈകി പൊലീസ് ഇദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഇത്  അറസ്റ്റാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയാക്കി.
ആഭ്യന്തര സെക്രട്ടറി നാബണ്ണയും ബിധാനഗര്‍ സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇതെന്ന് സൂചനകളുണ്ട്.

ശാരദ കേസിലെ സി.ഐ.ഡി അന്വേഷണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശാരദ സി.ഇ.ഒ ഒളിവില്‍ പോയത് ഈ അന്വേഷണ നാടകത്തിന്റെ തെളിവാണ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയുടെ ഉത്തരവുകള്‍ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഉന്നതകേന്ദ്രങ്ങള്‍ അന്വേഷണഗതി നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ഒരു ശ്രമവും നടക്കുന്നില്ല. ഘോഷ് പറഞ്ഞു.

‘കമ്മീഷണര്‍ എന്നെ അറസ്റ്റ് ചെയ്‌തോട്ടെ. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നില്ല.’ ശാരദ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരാണ് ഇന്ന് സംസ്ഥാനത്ത് ഏറ്റവുമധികംആദരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തന്നെ ബലിയാടാക്കുകയായിരുന്നു.

കോടികളുടെ ഈ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തെഴുതുമെന്നും കുനാല്‍ ഘോഷ് വ്യക്തമാക്കി. ‘ശാരദ ഗ്രൂപ്പിന്റെ മാധ്യമബന്ധങ്ങളെക്കുറിച്ച് ആര്‍ക്കാണറിയാത്തത്? അവരോട് പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരാണ് ആവശ്യപ്പെട്ടത്? ഇതില്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടിയില്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അവരുടെ സഹായം ആവശ്യമുണ്ടെന്ന നിലപാടിലായിരുന്നു അവര്‍.’ എം.പി ചൂണ്ടിക്കാട്ടി.

ഘോഷിന്റെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയെ പരിഭ്രാന്തിയിലാക്കി എന്ന് വ്യക്തമാണ്. ‘കുനാല്‍ ഘോഷ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിക്കേണ്ട എന്നാണ് പാര്‍ട്ടിനിലപാട്’ പാര്‍ട്ടി വക്താവ് ഡെറക്ക് ഒബ്രിയാന്‍ പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിന് വേണ്ടിയുള്ള ഘോഷിന്റെ നീക്കത്തെ തൃണമൂലിന്റെ വിമത എം.പിയായ സോമന്‍ മിത്ര സ്വാഗതം ചെയ്തു. മമത തന്നെ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

ശാരദ തട്ടിപ്പിലൂടെ സമ്പാദിച്ച പണം എന്തു ചെയ്തുവെന്നതിനെ കുറിച്ച് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കുനാല്‍ ഘോഷ് നേരത്തെ പറഞ്ഞിരുന്നു. ‘സെന്നിന്റെ പണത്തെക്കുറിച്ച് എനിക്ക് യാതൊന്നുമറിയില്ല. അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. ഞാന്‍ വിശ്വസിച്ചവര്‍ എന്നെ ചതിച്ചതിലാണ് എനിക്ക് വേദന.’ അദ്ദേഹം പറഞ്ഞു.

Advertisement