ഒരിടവേളയ്ക്കുശേഷം ശാരദ വീണ്ടും സജീവമാകുന്നു. നവാഗത സംവിധായകന്‍ റെജിനായരുടെ കലികാലത്തില്‍ ടീച്ചറുടെ വേഷത്തില്‍ ശാരദയെത്തുകയാണ്. വിധവയായ ടീച്ചര്‍ നാലുകുട്ടികളുടെ അമ്മയാണ്. ടീച്ചറമ്മയുടേയും കുട്ടികളുടേയും കഥായിലൂടെ ശിഥിലമാക്കപ്പെടുന്ന കുടുംബന്ധങ്ങളുടെ കഥയാണ് കലികാലം പറയുന്നത്.

റെജി നായര്‍ തന്നെയാണ് കലികാലത്തിന് തിരക്കഥയൊരുക്കുന്നത്. പട്ടാളം, ഒരുവന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ റെജിയുടേതാണ്.

Subscribe Us:

ടീച്ചറുടെ ഭര്‍ത്താവ് അദ്ധ്യാപകനായിരുന്നു. പുഴയോരത്തെവീട്ടില്‍ താമസിക്കുന്ന ടീച്ചറമ്മ, തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വന്തം അമ്മയെ പോലും മറന്നുപോകുന്ന മക്കള്‍. പുറമേ നിന്നുകാണുന്ന എല്ലാവരും സന്തുഷ്ടകുടുംബമെന്ന്. എന്നാല്‍ അതിനുള്ളിലെ പുകച്ചില്‍ അവര്‍ക്കേ അറിയൂ. മകന്‍ രവി ബിസിനസുകാരനാണ്. സമ്പത്തിനെക്കുറിച്ചുമാത്രമാണ് രവിയുടെ ചിന്ത. അന്യമതത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച രവിയുടെ നോക്കം ഭാര്യാപിതാവിന്റെ സ്വത്തിലാണ്. ഇങ്ങനെ പ്രശ്‌നങ്ങള്‍ക്ക് നടുവിലുള്ള തന്റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താനുള്ള ടീച്ചറുടെ ശ്രമമാണ് കലികാലത്തില്‍ കാണാനാവുക.

പിലാക്കണ്ടി ഫിലിംസ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിതരണവും പിലാക്കണ്ടി ഫിലിംസ് റിലീസ് തന്നെ. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സത്താര്‍ കലികാലത്തില്‍ കഥാപാത്രമാവുന്ന എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ലാലു അലക്‌സ്, അശോകന്‍,സുരേഷ് കൃഷ്ണ, ലക്ഷ്മി ശര്‍മ്മ, ശാരി, കൃഷ്ണപ്രഭ തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാവും.

മഴത്തുള്ളികിലുക്കം, രാപ്പകല്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവന്ന ശാരദയ്ക്ക് വീണ്ടും കുറച്ചുകാലം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ജയരാജിന്റെ നായിക എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി.