ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന ആവശ്യവുമായി കേന്ദ്ര കൃഷിമന്ത്രാലയത്തെ ഒരു സംസ്ഥാനം പോലും സമീപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

മറ്റു സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ എം.പിയുടെ ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Subscribe Us:

നിരോധനം എതിര്‍ക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. കാസര്‍കോട്ടെ ദുരന്തത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഒരു വിദഗ്ധ സമിതിയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും അവരുടെ ലോബിയുമാണ് യഥാര്‍ത്ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്.കൃഷിക്കാരും കര്‍ഷക നേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന് ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് കര്‍ഷകര്‍മാത്രമാണ് ഈ ആവശ്യമുന്നയിച്ച് കേന്ദ്രകൃഷിമന്ത്രാലയത്തിന് കത്തയച്ചത്. ഇരുവരും എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന ഗുജറാത്തില്‍ നിന്നുള്ളവരാണ്.

എന്‍ഡോസള്‍ഫാനെ കുറിച്ച് പഠിക്കാന്‍ നാല് സമിതിയെ നിയോഗിച്ചിരുന്നെന്നും അവയെല്ലാം ഉപയോഗം തുടരാനാണ് നിര്‍ദേശം നല്‍കിയതെന്നും പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജലസാമീപ്യമുള്ള പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് 1991ലെ ബാനര്‍ജി സമിതിയും 1999ലെ ആര്‍.ബി.സിംങ് കമ്മിറ്റിയും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പവാര്‍ സഭയെ അറിയിച്ചില്ല.