Administrator
Administrator
പവാറിന്റെയൊരു പവര്‍ !
Administrator
Thursday 1st July 2010 4:04pm


സു­രാജ്

ഐ പി എല്ലിനെക്കുറിച്ചോ അന്യായ ഓഹരിയെക്കുറിച്ചോ വിവാദത്തെക്കുറിച്ചോ ഒന്നും മഹാരാഷ്ട്രയിലെ ‘ബഡാ ബാബു’ ശരത് പവാറിന് ചിന്തയില്ല, രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചമാത്രമാണ് പവാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മേധാവിയാവുക വഴി പവാര്‍ തന്റെ ‘ പവര്‍ ‘ എന്താണെന്ന് കായികലോകത്തിന് ഒരിക്കല്‍ക്കൂടി കാണിച്ചുകൊടുത്തിരിക്കുന്നു.

ജഗ്‌മോഹന്‍ ഡാല്‍മിയക്ക് ശേഷം ആദ്യാമായാണ് മറ്റൊരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തലപ്പത്തെത്തുന്നത്. ഇംഗ്ലണ്ടുകാരനായ ഡേവിഡ് മോര്‍ഗന്റെ പിന്‍ഗാമിയായാണ് കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പവാര്‍ ലോകത്തെ സമ്പന്നമായ കായികസംഘടനയുടെ അധികാരം കൈയ്യാളാന്‍ പോകുന്നത്.

പൂനെ ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഐ സി സി അദ്ധ്യക്ഷനെന്ന പദവി പവാറിനെ തേടിയെത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ പുതിയ അധികാരം പവാറിന് ഉപകരിക്കുമെന്നാണ് കായികവിദഗ്ധര്‍ പറയുന്നത്. പൂനെ ഐ പി എല്‍ ടീമിനായി പങ്കെടുത്ത സിറ്റി കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസിയില്‍ പവാറിനും മകള്‍ സുപ്രിയക്കും ഓഹരിയുള്ളതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബി ജെ പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പവാറിന്റെ രക്തത്തിനായി മുറവിളി കൂട്ടി. കച്ചവട താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പവാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ബി ജെ പിയുടെ ആരോപണം.

എന്നാല്‍ ആരോപണം വ്യാജമാണെന്നും തനിക്കും മകള്‍ക്കും സിറ്റി കോര്‍പ്പറേഷനില്‍ ഓഹരിയില്ലെന്നും പവാര്‍ വ്യക്തമാക്കി. നിര്‍മ്മാണകമ്പനിയുടെ ഉടമസ്ഥന്‍ എന്ന നിലക്കാണ് താന്‍ പൂനെ ടീമിനായി ശ്രമം നടത്തിയതെന്നും പവാര്‍ വ്യക്തമാക്കി.

മുന്‍ ഐ പി എല്‍ കമ്മീഷണറായിരുന്ന ലളിത് മോഡി തുറന്നുവിട്ട ഭുതമാണ് ശരിക്കും ശരത് പവാറിനെ വേ­ട്ട­യാ­ടുന്നത്. പവാറിനെതിരെ നടപടിയെടുക്കണമെന്ന് യു പി എയിലെ ഘടകകഷികള്‍ വരെ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ വിളിച്ച് വിശദീകരണം തേടി. യു പി എയിലെ ഘടകകക്ഷി മന്ത്രിമാരായ ശരത് പവാറിനും പ്രഫുല്‍ പട്ടേലിനുമെതിരേ തെളിവുകള്‍ ലഭിച്ചതായും ബ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു.

ഭാഗ്യം ഭോപ്പാല്‍ വാതക ദുരന്തക്കേസിലെ വിധിയുടെ രൂപത്തില്‍ പവാറിനെ വീണ്ടും തുണച്ചു. ബി ജെ പി യടക്കമുള്ള പാര്‍ട്ടികളുടെ ശ്രദ്ധ ഭോപ്പാല്‍ വിധിയിലേക്ക് തിരിഞ്ഞു. അതിന്റെ കോലാഹലങ്ങള്‍ അടങ്ങിയപ്പോഴേക്കും വന്നു ഇന്ധന വില വര്‍ധന. വീണ്ടും ഒരു പോറല്‍ പോലുമേല്‍ക്കാതെ പവാര്‍ സേഫായി.

പുതിയ അധികാരം തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഒരുപരിധി വരെയെങ്കിലും തടയാന്‍ പവാറിനെ സഹായിക്കുമെന്ന് ഉറപ്പാണ്. ഏഷ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണയുമായാണ് പവാര്‍ ഐ സി സി മേധാവിയുടെ പദവിയിലെത്തിയിരിക്കുന്നത്. അതിനിടെ ആസ്‌ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ജോണ്‍ ഹാവാര്‍ഡ് ഐ സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ടതും ശ്രദ്ധേയമായി. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എതിര്‍പ്പാണ് ഹോവാര്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് തടസ്സമായത്.

2011 വെ ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായി ആ­തി­ഥേ­യത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന വെളയിലാണ് പവാര്‍ ഐ സി സി പ്രസിഡന്റ് സ്ഥാനത്തെത്തിയിരിക്കുന്നത്. ഏഷ്യയില്‍ നടക്കുന്ന ക്രിക്കറ്റ് മഹോല്‍സവം വിജയകരമായി നടത്തിക്കാണിക്കാനാവും ഇനി പവാറിന്റെ ശ്രമം ഒപ്പം, രാഷ്ട്രീയത്തിലെയും കായികരംഗത്തെയും ശത്രുക്കള്‍ക്ക് മികച്ച മറുപടി നല്‍കാനും.

Advertisement