ന്യൂദല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് രണ്ട് ദശകമായി പാക്കിസ്ഥാന്‍ ജയിലില്‍ക്കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിനെ വൈകാതെ മോചിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവൈയിസ് ഷെയ്ഖ് അറിയിച്ചു.

സരബ്ജിത്തിനെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചതായി തനിക്ക് വിവരം ലഭിച്ചുവെന്ന് ഷെയ്ഖ് പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് തന്നെ സരബ്ജിത്തിനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads By Google

ഇന്ത്യയിലെ ജയില്‍ കഴിഞ്ഞിരുന്ന പാക് ശാസ്ത്രജ്ഞന്‍ ഖലീല്‍ ചിസ്തിയുടെ മോചനത്തിന് തൊട്ടുപിന്നാലെ സരബ്ജിത് സിങ്ങിന് വേണ്ടി വീണ്ടും ഷെയ്ഖ് ദയാഹരജി സമര്‍പ്പിച്ചിരുന്നു.

നേരത്തെ സരബ്ജിത് സിങ്ങിനെ മോചിപ്പിക്കുമെന്ന് പാക് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ മറ്റൊരു തടവുകാരനായ സുര്‍ജിത് സിങ്ങിനെയാണ് മോചിപ്പിക്കുന്നതെന്നും പേര് തെറ്റായി വന്നതാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

സരബ്ജിത്ത് സിങ്ങിനെയല്ല, സുര്‍ജിത്ത് സിങിനെയാണ് മോചിപ്പിക്കുകയെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ അന്ന് വ്യക്തമാക്കിയിരുന്നു. സുര്‍ജിത്തിന്റെ ശിക്ഷാകാലാവധി അവസാനിച്ച സാഹചര്യത്തിലാണ് മോചനമെന്നും മോചിപ്പിക്കുന്ന തടവുപുള്ളിയുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണിതെന്നും ബാബര്‍ പറഞ്ഞിരുന്നു.

1990ല്‍ ലാഹോറില്‍ 14പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് സരബ്ജിത് ജയിലിലാവുന്നത്.