എഡിറ്റര്‍
എഡിറ്റര്‍
സരബ്ജിത്തിനെ മോചിപ്പിക്കണമെന്ന് എസ്.എം.കൃഷ്ണ
എഡിറ്റര്‍
Wednesday 27th June 2012 2:49pm

ന്യൂദല്‍ഹി : പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന സരബ്ജിത്തിനെയും ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ മുഴുവന്‍ ഇന്ത്യക്കാരേയും മോചിപ്പിക്കണമെന്ന്  വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

സുര്‍ജിത്തിനെ വിട്ടയക്കുന്നത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരേയും വിട്ടയക്കണമെന്നത് പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സരബ്ജിത്തിനെയല്ല സുര്‍ജിത്തിനെയാണ് മോചിപ്പിക്കുന്നതെന്ന് പിന്നീട് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വാക്താവ് ഫര്‍ഹത്തുള്ള ബാബര്‍ തിരുത്തി. ഇത് ഏറെ ആശങ്കകള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

സരബ്ജിത്തിന്റെ ശിക്ഷ പ്രസിഡന്റ് ജീവപര്യന്തമാക്കി കുറച്ചെന്നും കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ഉടന്‍ മോചിപ്പിക്കുമെന്നുമായിരുന്നു പാക് മാധ്യമങ്ങള്‍ സര്‍ക്കാറിനെ  ഉദ്ധരിച്ച്റിപ്പോര്‍ട്ട് ചെയ്തത്.

സുര്‍ജിത്തിന്റെ ശിക്ഷാകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയക്കുന്നതെന്ന് പിന്നീട് പാക് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷാകാലാവധി അവസാനിച്ച മറ്റ് ഇന്ത്യക്കാരെ കൂടി വിട്ടയക്കണമെന്ന് എസ്.എം.കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement