എഡിറ്റര്‍
എഡിറ്റര്‍
സാറാ ജോസഫ് ആം ആദ്മിയിലേക്ക്
എഡിറ്റര്‍
Friday 10th January 2014 9:19am

sara1

തൃശൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും പ്രമുഖര്‍. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫാണ് ആം ആദ്മിയില്‍ ചേരാനൊരുങ്ങുന്നത്.

ആം ആദ്മി ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും അതൊരു ജനമുന്നേറ്റമാണെന്നും അതിന്റെ ഭാഗമാകാന്‍ ആലോചിക്കുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു. 12ന് രണ്ടുമണിക്ക്തൃശ്ശൂര്‍ എം.ജി റോഡിലെ ശ്രീചന്ദ്രാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് സാറാ ജോസഫ് അറിയിച്ചു.

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമായാല്‍ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രമുഖ വ്യക്തിത്വമായിരിക്കും അവര്‍.

ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി സാറാ ജോസഫ് രംഗത്തുണ്ട്.

ഇതുവരെ പരിചിതമല്ലാത്തൊരു മൂവ്‌മെന്റാണ് ആം ആദ്മിയുടേത്. അതിന് പ്രത്യയശാസ്ത്രവും ദേശീയനയവുമില്ലെന്ന് പറയുന്നത് ദുഷ്പ്രചരണമാണ്. അവരുടെ നയ പരിപാടികള്‍ വായിച്ചാല്‍ അത് വ്യക്തമാവുമെന്നും സാറാ ജോസഫ് പറഞ്ഞു.

കാശ്മീരികളുടെ മനസ്സറിയാതെയാണ് ഇന്ത്യയും പാക്കിസ്ഥാനും കാശ്മീര്‍ വിഷയത്തെ കാണുന്നത്. അതാണ് പ്രശാന്ത് ഭൂഷണ്‍ ഹിതപരിശോധനയെപ്പറ്റി പറഞ്ഞത്.

സജീവമായ ഗ്രാമസഭകളെക്കുറിച്ചാണ് അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. പ്രദേശത്തിന്റെ വികസനം പ്രദേശവാസികള്‍ നിശ്ചയിക്കുന്നത് പോലെയാവണമെന്നാണ് ആം ആദ്മിയുടെ പക്ഷം.

സജീവമായ ഗ്രാമസഭകളുണ്ടായാല്‍ ആറന്മുളയും പശ്ചിമഘട്ടവും തര്‍ക്ക വിഷയമാവില്ലെന്നും സാറാ ജോസഫ് പറഞ്ഞു.ആം ആദ്മി അധികാരത്തിലെത്തിയാല്‍ ദുഷിക്കുമെന്ന് വിമര്‍ശിക്കുന്നവര്‍ ദുഷിപ്പിന്റെ അങ്ങേയറ്റത്തുള്ളവരാണെന്നതാണ് തമാശ.

ഇടതുവലതു പക്ഷ വിധേയത്വത്തമെന്ന കേരളീയരുടെ ശീലത്തിനുള്ള ബദലാണ് ആം ആദ്മിയെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Advertisement