ന്യൂദല്‍ഹി: പാര്‍ലമെന്ററി ആക്രമണക്കേസില്‍ പ്രതിയായിരുന്ന ദല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനി വീട്ടുതടങ്കലില്‍. ഗീലാനിയുടെ ദല്‍ഹിയിലെ വീട്ടിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്.

Ads By Google

ഗീലാനിയെ കൂടാതെ, ഹൂറിയത്ത് നേതാവ് മിര്‍വൈസ് ഉമര്‍ ഫറൂഖിനേയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പാര്‍ലമെന്റ് അക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിനെ ഇന്ന് രാവിലെ തൂക്കിലേറ്റിയതിന് പിറകേയാണ് ഗീലാനിയേയും ഉമര്‍ ഫാറൂഖിനെയും വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത്.

എന്ത് കാരണത്തിനാലാണ് ഇവരെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത് എന്നത് വ്യക്തമല്ല. എസ്.എ.ആര്‍ ഗീലാനിയെ നേരത്തേ സുപ്രീം കോടതി വെറുതേ വിട്ടിരുന്നു.

വിചാരണ കോടതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. കൂടാതെ കേസിലെ മറ്റൊരു പ്രതിയായിരുന്ന ഷൗക്കത്ത് ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷം കഠിന തടവായി നേരത്തെ കുറക്കുകയും ചെയ്തിരുന്നു.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ അതൃപ്തി അറിയിച്ച് ഗീലാനിയും അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയും എത്തിയതിന് പിന്നാലെയാണ് ഗീലാനിയെ വീട്ടുതടങ്കലില്‍ ആക്കിയത്.

അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സുമിനെ പോലും വിവരമറിയിക്കാതെ അതീവ രഹസ്യമായി അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹത്തിന്റെ മൃതദേഹം കുടുംബത്തിന് നല്‍കാതെ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചതും അപലപനീയമാണെന്നും ഗീലാനി പറഞ്ഞിരുന്നു.

ചാനലുകളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ്  അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ മരണ വിവരം അറിയുന്നത്. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയ വിവരം ഭാര്യയെ പോലും അറിയിച്ചിരുന്നില്ലെന്നും ഗീലാനി ആരോപിച്ചിരുന്നു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് നാല് ദിവസത്തെ ദു:ഖാചരണത്തിന് ഹൂറിയത്ത് ആഹ്വാനം ചെയ്തിരുന്നു.