എഡിറ്റര്‍
എഡിറ്റര്‍
ലൗ-ജിഹാദിനെതിരെ നിയമനടപടി സ്വീകരിക്കണം, മതപരിവര്‍ത്തനം നിരോധിക്കണം: സന്യാസി സമ്മേളനം
എഡിറ്റര്‍
Friday 29th June 2012 12:17am

love-jihadകൊച്ചി: പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എറണാകുളത്ത് നടന്ന മാര്‍ഗദര്‍ശക് മണ്ഡല്‍ സന്യാസി സമ്മേളനം. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം. ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി സ്വന്തം മതത്തില്‍ വിശ്വസിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നടത്തുവാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു സന്യാസി സമ്മേളനം നടന്നത്.

ലൗ ജിഹാദിലൂടെ ആറായിരത്തില്‍പ്പരം ഹൈന്ദവ യുവതികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവരെയെല്ലാം  നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പല രക്ഷിതാക്കളും പരാതിപ്പെട്ടിട്ടുണ്ട്. മക്കളെ വിട്ടുകിട്ടുന്നതിനുവേണ്ടി കോടതികളുടെ മുമ്പില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും യോഗം വ്യക്തമാക്കി.

പരിസ്ഥിതിക്കും ആവാസകേന്ദ്രങ്ങള്‍ക്കും ഹാനി വരുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പിന്നോക്ക ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയും ഹിന്ദുക്കള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കുകയും ചെയ്യുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

ശ്മശാനങ്ങളില്ലാത്തതുമൂലം ഹിന്ദുക്കള്‍ക്ക് വീടിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കേണ്ടിവരുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭൂരഹിതരായി കഴിയുന്നു. പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റും സ്‌കോളര്‍ഷിപ്പും ഗ്രാന്റും മറ്റും വളരെ പരിമിതമായ തുകയേ നല്‍കുന്നുള്ളൂ. ഹിന്ദു സംവരണം അട്ടിമറിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ആശ്രമങ്ങളെ കൊമേഴ്ഷ്യല്‍ വിഭാഗത്തില്‍പ്പെടുത്തി ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനങ്ങള്‍ തലമുറകളായി ഭക്ത്യാദരവോടെ കാണുന്ന തിരുവനന്തപുരം വെമ്പായത്തുള്ള തമ്പുരാട്ടിമലയും തമ്പുരാന്‍ മലയും ഖനനം ചെയ്ത് തകര്‍ക്കുവാന്‍ നീക്കമുണ്ട്. പൈതൃകഗ്രാമമായ ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിച്ച് നീര്‍ത്തടങ്ങളും പരിസ്ഥിതിയും നശിപ്പിക്കാനും ശ്രമമുണ്ട്. ഇവയില്‍ യോഗം പ്രതിഷേധിച്ചു. വന്‍കിട കമ്പനികള്‍ക്കായി പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ തടയണം.

സമ്മേളനത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച രാവിലെ ലോകശാന്തിക്കും സമാധാനത്തിനും വേണ്ടി സമൂഹ വിഷ്ണുസഹസ്രനാമജപം നടന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നു. സ്വാമി വേദാനന്ദസരസ്വതി, സ്വാമി പ്രശാന്താനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി, സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവര്‍ വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വി.എച്ച്.പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്‍. ബാലരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആചാര്യനായി കോട്ടയം പെരുവ ഗീതാമന്ദിരാശ്രമത്തിലെ സ്വാമി വേദാനന്ദ സരസ്വതിയെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സ്വാമി ചിദാനന്ദപുരി (പ്രസി, അദൈ്വതാശ്രമം കോഴിക്കോട്), സ്വാമി പ്രഭാകരാനന്ദ സരസ്വതി (ജന. സെക്ര., ശിവാനന്ദാശ്രമം പാലക്കാട്), സ്വാമി ബ്രഹ്മസ്വരൂപാനന്ദ (ട്രഷറര്‍ ഗുരുനാരായണ ആശ്രമം കൊടുങ്ങല്ലൂര്‍).

Advertisement