ബ്ലെസിയുടെ കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ ആ കുസൃതിക്കുട്ടിയെ ഓര്‍ക്കുന്നില്ലേ? അതെ പിന്നീട് മാമ്പഴക്കാലം എന്ന ചിത്രത്തില്‍ ശോഭനയുടെ മകളായെത്തിയ ബേബി സനുഷ തന്നെ. സനുഷ ഇപ്പോള്‍ ബാലതാരമല്ല. തമിഴില്‍ നായികാവേഷം ചെയ്ത സനുഷ ഇപ്പോള്‍ മലയാളത്തിലും വേഷപകര്‍ച്ചയോടെ പ്രവേശിക്കുകയാണ്.

ദിലീപിന്റെ നായികയായാണ് ഇവിടെ സനുഷയുടെ അരങ്ങേറ്റം. സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ മരുമകന്‍’ എന്ന ചിത്രത്തിലാണ് സനുഷ ദിലീപിന്റെ നായികയാവുന്നത്. മാര്‍ച്ച് രണ്ടാം വാരത്തില്‍ ഏറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറും നെല്‍സണ്‍ ഈപ്പനുമാണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴകത്ത് സനുഷ നായികയായ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഭാഗ്യനായികയെന്ന പേരും സനുഷ നേടിയെടുത്തു. ദിലീപിന്റെ നായികയായി തുടക്കം കുറിച്ച മിക്ക നടിമാരും മലയാളത്തിന്റെ ഭാഗ്യ നായികയായിട്ടുണ്ട്. സനുഷയും അക്കൂട്ടത്തില്‍ വരുമെന്നാണ് പ്രതീക്ഷ.

കെ.കെ രാജീവ് കുമാറിന്റെ ഓര്‍മ്മയെന്ന പരമ്പരയിലൂടെയാണ് സനുഷ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്. പിന്നീട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായും പ്രത്യക്ഷപ്പെട്ടിരുന്നു.