എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: ഫൈനലില്‍ തമിഴ് നാടും സര്‍വീസസും
എഡിറ്റര്‍
Sunday 27th May 2012 8:55am

കട്ടക്ക്: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ തമിഴ്‌നാടിന് ജയം. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായ മണിപ്പൂരിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് അവര്‍ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ തമിഴ്‌നാട് സര്‍വീസസിനെ നേരിടും.

നാല്‍പ്പതു വര്‍ഷത്തിനുശേഷമാണ് തമിഴ്‌നാട് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍ കടക്കുന്നത്. 5ാം മിനിറ്റില്‍ എ റീഗനിലൂടെയാണ് ടീം ലീഡ് നേടിയത്. 85ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് എം ഡേവിഡ് രണ്ടാം ഗോളും നേടി.

ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ ഇരുപകുതിയിലും ഓരോ ഗോള്‍ നേടിയ തമിഴ്‌നാടിന് മറുപടി കൊടുക്കാന്‍ ലഭിച്ച അവസരങ്ങള്‍ മണിപ്പൂരിന് മുതലെടുക്കാനായില്ല.  തങ്ങളുടെ ഗോള്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് മണിപ്പൂരി താരങ്ങള്‍ റഫറി ഉത്തം സര്‍ക്കാരിനെയും ലൈന്‍ റഫറിമാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് അല്‍പനേരം സംഘര്‍ഷം സൃഷ്ടിച്ചു. പൊലീസും അധികൃതരും എത്തി പ്രശ്‌നം ഒഴിവാക്കി.

രണ്ടാം പകുതിയുടെ 35 -ാം മിനിറ്റിലായിരുന്നു മണിപ്പൂരിന്റെ വിവാദ ഗോള്‍. മെയിന്‍ റഫറി ഗോള്‍ അനുവദിച്ചതിനുശേഷം ലൈന്‍ റഫറി ഓഫ് സൈഡിന് കൊടി ഉയര്‍ത്തിയതാണ് മണിപ്പൂരുകാരെ പ്രകോപിപ്പിച്ചത്. കളി കഴിഞ്ഞയുടന്‍ ഗോളി എസ്. ബസന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ റഫറിയെ വളയുകയായിരുന്നു.         1972 – 73 ലാണ് തമിഴ്‌നാട് ആദ്യമായും അവസാനമായും ഫെനലിലെത്തിയത്.

വെള്ളിയാഴ്ച ഒന്നാം സെമിയില്‍ കേരളത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് സര്‍വീസസ് ഫൈനലില്‍ കടന്നത്.

Advertisement