കൊച്ചി: തുടര്‍ച്ചയായി രണ്ടാം തവണയും സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. നിശ്ചിത സമയത്തിനകത്തും ലക്ഷ്യം കാണാതെ അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ സഡന്‍ ഡെത്തിലാണ് സര്‍വീസസ് കേരളത്തെ മറികടന്നത്.

ആവേശകരമായ മല്‍സരത്തില്‍ അധികസമയത്തും ഗോള്‍ നേടാനാകാത്തതാണ് ടൈബ്രേക്കറിലേക്ക് കളി നീണ്ടത്. ഷൂട്ടൗട്ടില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. തുടര്‍ന്ന് സഡന്‍ ഡെത്തിലാണ് സര്‍വീസസ് കിരീടം സ്വന്തമാക്കിയത്.

സഡന്‍ ഡെത്തില്‍ കേരളത്തിന്റെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതാണ് കിരീടം തട്ടിയകറ്റിയത്. സുജിത്തിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടുകയായിരുന്നു.

12 തവണ കേരളവും സര്‍വീസസും സന്തോഷ് ട്രോഫിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. അഞ്ചെണ്ണത്തില്‍ സര്‍വീസസും മൂന്നെണ്ണത്തില്‍ കേരളവും നേടി. നാലെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു. കലാശപ്പോരാട്ടത്തില്‍ കേരളവും സര്‍വീസസും ആദ്യമായാണ് ഏറ്റുമുട്ടിയത്.