ന്യൂദല്‍ഹി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) യോഗത്തില്‍ തീരുമാനമായി.

പ്രാഥമിക മല്‍സരങ്ങള്‍ കേരളത്തിലും ഉത്തര്‍ പ്രദേശിലുമായി അരങ്ങേറും. ക്വാര്‍ട്ടര്‍ മുതലുള്ള മല്‍സരങ്ങള്‍ക്ക് കേരളം വേദിയൊരുക്കും. ഫൈനല്‍ മാര്‍ച്ച് പത്തിനാണ് നടക്കുക. കേരളത്തിലെ വേദികള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) പിന്നീട് തീരുമാനിക്കും.

Ads By Google

സന്തോഷ് ട്രോഫി മത്സരം ജനുവരിയില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊല്‍ക്കത്ത ലീഗിന് സമാന്തരമായി സന്തോഷ് ട്രോഫി നടത്തരുതെന്ന ബംഗാള്‍ ഫുട്‌ബോള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ലീഗിന് ശേഷം ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.

ജനുവരിയില്‍ നടത്തിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് വെസ്റ്റ് ബംഗാള്‍ ടീം അധികൃതര്‍ അറിയിച്ചതോടെയാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

കേരളത്തിലെ മല്‍സരങ്ങള്‍ ഫെബ്രുവരി അവസാനം ആരംഭിക്കും. ഫെബ്രുവരി രണ്ടാം വാരം വരെയാണ് കൊല്‍ക്കത്ത ലീഗ്. ലീഗ് നടക്കുന്ന വേളയില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍, താരങ്ങളെ  വിട്ടുകൊടുക്കില്ലെന്ന്‌ ബംഗാളിലെ മുന്‍നിര ക്ലബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവ അറിയിച്ചിരുന്നു.

ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതിന് ഫെഡറേഷന്‍ അനുമതി നല്‍കി. ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് കെ.എഫ്.എ നേരത്തേ ഫെഡറേഷന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.