Categories

സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും

santiago-martin

പാലക്കാട്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് പാലക്കാട് നഗരസഭയില്‍ നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കും. മാര്‍ട്ടിന് ലൈസന്‍സ് നല്‍കാനാകില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.

നഗരസഭ അറിയാതെ ഉദ്യോഗസ്ഥരാണ് ലൈസന്‍സ് നല്‍കിയത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച്ചയാണ് ലൈസന്‍സ് നല്‍കാന്‍ കാരണമെന്നും നഗരസഭ അറിയിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് ലൈസന്‍സ് നല്‍കിയത് .

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പനയിലൂടെ കോടികള്‍ തട്ടിയതിനെ തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടിനെ  സംസ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

കേസുകളില്‍ കുടുങ്ങിയിരുന്ന മാര്‍ട്ടിന്‍ അടുത്തിടെയാണ് വീണ്ടും സജീവമായത്. നാഗാലാന്റ് ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടറും വിതരണക്കാരനുമായാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയ്മിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നാഗാ സൂപ്പര്‍ ലോട്ടറി വില്‍പനയ്ക്ക് കരാര്‍ നേടിയത്.

കഴിഞ്ഞ മാസം പത്തിനാണ് പാലക്കാട് നഗരസഭ പേപ്പര്‍ ലോട്ടറി വില്‍പനയ്ക്ക് ട്രേഡ് ലൈസന്‍സ് നല്‍കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് കാലാവധി.

ലിമ റോസിന്റെ പേരിലുള്ള കെട്ടിടം രണ്ട് മാസത്തേയ്ക്ക് ഫ്യൂച്ചര്‍ ഗെയ്മിങ് എന്ന സ്ഥാപനം വാടകയ്‌ക്കെടുത്തു എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ സിക്കിം, ഭൂട്ടാന്‍ വ്യാജലോട്ടറി റെയ്ഡിനായി പൊലീസ് തയ്യാറെടുത്തപ്പോള്‍ ദുരൂഹസാഹചര്യത്തില്‍ തീപിടുത്തമുണ്ടായി കോടികളുടെ ടിക്കറ്റുകള്‍ കത്തി നശിച്ചത് ഇതേ കെട്ടിടത്തിലാണ്.

Tagged with: