എഡിറ്റര്‍
എഡിറ്റര്‍
സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി സ്ഥാപനത്തിനനുവദിച്ച ലൈസന്‍സ് റദ്ദാക്കി
എഡിറ്റര്‍
Tuesday 19th November 2013 6:31pm

santiago-martin

പാലക്കാട്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് പാലക്കാട് നഗരസഭയില്‍ നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കി. നഗരസഭാ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ലൈസന്‍സ് അനുവദിച്ച കെട്ടിടം വാസസ്ഥലമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സെക്രട്ടറി വ്യക്തമാക്കി. നഗരസഭാ ചെയര്‍മാന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി.

മാര്‍ട്ടിന് ലൈസന്‍സ് നല്‍കാനാകില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നഗരസഭ അറിയാതെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ലൈസന്‍സ് നല്‍കിയതെന്നായിരുന്നു സംഭവം വിവാദമായതോടെ നഗരസഭയുടെ മറുപടി.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും നഗര സഭ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് ലൈസന്‍സ് നല്‍കിയത് .

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പനയിലൂടെ കോടികള്‍ തട്ടിയ മാര്‍ട്ടിന് ലോട്ടറി നടത്തിപ്പിന് വീണ്ടും ലൈസന്‍സ് നല്‍കിയത് വന്‍ വിവാദമായിരുന്നു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ നഗരസഭാ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. കേസുകളില്‍ കുടുങ്ങിയിരുന്ന മാര്‍ട്ടിന്‍ അടുത്തിടെയാണ് വീണ്ടും സജീവമായത്.

നാഗാലാന്റ് ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടറും വിതരണക്കാരനുമായാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയ്മിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നാഗാ സൂപ്പര്‍ ലോട്ടറി വില്‍പനയ്ക്ക് കരാര്‍ നേടിയത്.

കഴിഞ്ഞ മാസം പത്തിനാണ് പാലക്കാട് നഗരസഭ പേപ്പര്‍ ലോട്ടറി വില്‍പനയ്ക്ക് ട്രേഡ് ലൈസന്‍സ് നല്‍കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് കാലാവധി.

Advertisement