Categories

സാന്റിയാഗോ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി

santiago-martin appears for questioning തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി കേസില്‍ ചോദ്യം ചെയ്യലിനായി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ സംസ്ഥാന പോലീസിന് മുന്നില്‍ ഹാജരായി. ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അജയ് മാത്യുവാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ 10.30ഓടെയാണ് മാര്‍ട്ടിന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. ശേഷം കാര്‍മാര്‍ഗം കമ്മീഷണര്‍ ഓഫീസിലെത്തിയ അദ്ദേഹം പിന്നീട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തുകയായിരുന്നു.

തെളിവുനല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അജയകുമാര്‍ മാര്‍ട്ടിനും ബന്ധുവായ ജോണ്‍ കെന്നഡിക്കും നോട്ടീസ് അയച്ചിരുന്നു.

അന്യസംസ്ഥാന ലോട്ടറി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കേരളത്തില്‍ വിവാദമായെങ്കിലും ഇതുസംബന്ധിച്ച കേസുകളില്‍ ആദ്യമായാണ് മാര്‍ട്ടിനും കെന്നഡിയും പോലീസിന്റെ ചോദ്യംചെയ്യലിനു വിധേയമാവുന്നത്.

ഈയാഴ്ച ഹാജരാകാന്‍ തയ്യാറാണെന്ന് മാര്‍ട്ടിന്റെ അഭിഭാഷകനും മാനേജരും കഴിഞ്ഞയാഴ്ച നേരിട്ടെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താന്‍ സ്ഥലത്തുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇവരെ അറിയിച്ചിരുന്നത്.

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത മൂന്നുകേസ്സുകളിലാണ് തെളിവെടുക്കുന്നത്. ഈ മൂന്നുകേസ്സുകളിലും ഇവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളാണ്.

ലോട്ടറിക്കേസുകളില്‍ നേരിട്ട് അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതിയുടെ വിലക്കുണ്ട്. അതുകൊണ്ടാണ് തെളിവെടുപ്പിന് ഇവരെ വിളിച്ചുവരുത്തുന്നത്. ഇവരെ ചോദ്യംചെയ്തശേഷം പോലീസ് തുടര്‍നടപടികള്‍ തീരുമാനിക്കും. തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് കോടതിയുടെ അനുമതി തേടാം. ലോട്ടറിക്കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇടപെട്ട് പ്രത്യേക സെല്‍ രൂപവത്കരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ കേസുകളിലെ അന്വേഷണം ഊര്‍ജിതമാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.