കൊച്ചി: ഉത്തര്‍പ്രദേശിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത്  സന്തോഷ് ട്രോഫി ക്വാര്‍ട്ടറില്‍ കേരളം തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു. ആദ്യപകുതിയില്‍  കേരളം മൂന്നുഗോളുകള്‍ നേടിയപ്പോള്‍ യു.പി ഇരുപകുതികളിലുമായി ഒരോ ഗോള്‍ വീതം മടക്കി.

Ads By Google

വിനീത് ആന്റണി, കഴിഞ്ഞ കളിയിലെ ഇലവനില്‍നിന്ന് കേരളം ഇക്കുറി വരുത്തിയ ഏകമാറ്റം. ഈ മാറ്റം നല്‍കിയ ഉണര്‍വ് മതിയായിരുന്നു  കേരളത്തിന് ഉത്തര്‍പ്രദേശിനെ മറികടക്കാന്‍.

പെനാല്‍റ്റിയിലൂടെ ഉസ്മാനും കഴിഞ്ഞ കളിയിലെ താരം കണ്ണനും മധ്യനിരയിലെ ഷിബിന്‍ലാലും കേരളത്തിനായി വല കുലുക്കി. ഉത്തര്‍പ്രദേശിനായി ബിറുയാദവും വിവേക് സിങ്ങും ഗോളുകള്‍ മടക്കി. ഇതോടെ കേരളത്തിന്റെ സെമി സാധ്യതകളും  സജീവമായി.

വിനീത് ആന്റണി എത്തിയതോടെ കഴിഞ്ഞ കളിയെ അപേക്ഷിച്ച് ആതിഥേയ മധ്യനിര മെച്ചപ്പെട്ടെങ്കിലും പ്രതിരോധത്തിനാണ് മാര്‍ക്ക് കൂടുതല്‍. ആറുപോയന്റുമായി കേരളമാണ് ഗ്രൂപ്പില്‍ മുന്നില്‍.