പനാജി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെട്ടത്. അവസാന മത്സരം തോറ്റെങ്കിലും മുന്‍ മത്സരങ്ങളുടെ ജയത്തിന്റെ പിന്‍ബലത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ കടന്നു.


Also read ‘കോണ്‍ഗ്രസ് ലോകത്തിലെ നാലാമത്തെ അഴിമതി പാര്‍ട്ടി’; വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍ 


മത്സരം തോറ്റ കേരളം സെമിയിലേക്ക് കടന്നപ്പോള്‍ മത്സരത്തില്‍ വിജയിച്ച മഹാരാഷ്ട്ര ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ടൂര്‍ണമെന്റിലെ ആദ്യതോല്‍വിയാണ് കേരളം ഇന്ന് മഹാരാഷ്ട്രയോട് വഴങ്ങിയത്. കളിയുടെ മുപ്പത്തിയെട്ടാം മിനിട്ടില്‍ വൈഭവും അമ്പത്തൊമ്പതാം മിനിട്ടില്‍ ശ്രീകാന്തുമാണ് മഹാരാഷ്ട്രയ്ക്കായി വേണ്ടി ഗോളുകള്‍ നേടിയത്.

ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സെമിയില്‍ ആതിഥേയരായ ഗോവയാണ് കേരളത്തിന്റെ എതിരാളികള്‍. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയിരിക്കുന്നത്. 23നാണ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്.

മൂന്ന് ജയവും ഒരോ തോല്‍വിയും സമനിലയുമായാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ 4-1 തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് സമനില (22) വഴങ്ങുകയായിരുന്നു. മൂന്നാം മത്സരത്തില്‍ മിസോറാമിനെ 4-2 നാണ് കേരളം പരാജയപ്പെടുത്തിയത്.