ന്യൂദല്‍ഹി : മലയാളികളുടെ അഭിമാനമായ ആദാമിന്റെ മകന്‍ അബു മാഡ്രിഡ് ചലചിത്രമേളയിലും തിളങ്ങി. ചിത്രത്തിലെ അഭിനയത്തിലൂടെ സലിം കുമാര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകരിലൊരാളും മലയാളിയുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇമാജിന്‍ ഇന്ത്യാ ചലചിത്രമേളയിലെ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

പന്ത്രണ്ട് വിഭാഗങ്ങളിലായി എഴുപത് ചിത്രങ്ങളാണ് ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. മെമ്മറീസ് ഇന്‍ മാര്‍ച്ച് എന്ന സിനിമയിലെ അഭിനയത്തിന് ദീപ്തി നവാല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

സിന്തഗി നാ മിലേംഗി ദോബാരാ എന്ന ചിത്രത്തിലെ സംഗീതത്തിന് ശങ്കര്‍ എഹ്‌സാന്‍ ലോയ് മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.