കോഴിക്കോട്: മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും ജോക്കറെന്നുമൊക്കെ വിളിച്ച് കളിയാക്കിയ ബോളിവുഡ് നടന്‍ കെ.ആര്‍.കെ എന്ന കമാല്‍ റാഷിദ് ഖാന്‍ ആയിരുന്നല്ലോ രണ്ട് ദിവസമായി ട്രോളന്മാരുടെയും പൊങ്കാല തൊഴിലാളികളുടെ ഇര.

മലയാളീസ് നിരന്നു നിന്ന് പൊങ്കാലയിട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ പരിഹാസം തുടര്‍ന്ന കെ.ആര്‍.കെയ്‌ക്കെതിരെ നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഒടുവില്‍ കെ.ആര്‍.കെയുടെ അക്കൗണ്ട് മല്ലു സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പ് ഹാക്ക് ചെയ്യുകയും ചെയ്തു.

കെ.ആര്‍.കെയ്ക്ക് ചുട്ട മറുപടിയുമായി ഇപ്പോഴിതാ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുകയാണ്. അതും തന്റേതായ ശൈലിയിലാണ് പണ്ഡിറ്റിന്റെ പ്രതികരണം.

‘മോനെ കെ.ര്‍.കെ…. ഇനി നിന്റ ജന്മത്ത് നീ ഒരു മലയാള നടനെയും ട്രോളത്തില്ല ഇത് ലെവല്‍ വേറെയാണ്. വല്യ നടനായ അമിതാബച്ചന്‍ വരെ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന മോഹന്‍ലാലെന്ന ആളിനോടാണ് നീ കളിച്ചത്. മോനെ നീ കളിയ്ക്കാന്‍ ഇറങ്ങിയപ്പം ഇപ്പുറത്ത് നില്‍ക്കുന്നത് പുലിയും പുലികുട്ടികളും ആണെന്ന കാര്യം നീ മറന്നു… ചങ്ക് പറിച് കൊടുക്കാന്‍ ഒരുപാട് അനിയന്‍മാര്‍ ഉള്ള ചേട്ടനെ കേറി പണിയാന്‍ വന്നാല്‍ ഉണ്ടല്ലോ… പണി പാളും, കീപ്പ് ഇന്‍ മൈന്‍ഡ്’. എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മറുപടി.


Also Read: ‘ അവന്‍ ചില്ലറക്കാരനല്ല, ഈ പോക്ക് പോയാല്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഉടനെ കളിക്കും’; ബ്രാവോയ്ക്ക് പിന്നാലെ ബേസില്‍ തമ്പിയെ പ്രശംസിച്ച് സുരേഷ് റെയ്‌നയും


അതേസമയം, കെ.ആര്‍.കെ മറുപടി അര്‍ഹിക്കുന്നില്ലെന്നും അതിനാല്‍ ആരാധകര്‍ കെ.ആര്‍.കെയെ അവഗണിക്കണമെന്നും പണ്ഡിറ്റ് പറയുന്നു. മോഹന്‍ലാല്‍ എത്ര മഹാനായ നടനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിന് ഒരു ബംഗാളിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറഞ്ഞാണ് പണ്ഡിറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.