‘കൃഷ്ണനും രാധയും’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ  സന്തോഷ് പണ്ഡിറ്റ് മിനി സ്‌ക്രീനിലും  ഭാഗ്യപരീക്ഷണത്തിനെത്തുന്നു. മെരിലാന്റ് സ്റ്റുഡിയോയുടെ പുതിയ സീരിയലിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം.

പ്രശസ്ത സംവിധായകന്‍ തുളസീദാസാണ് ഈ പരമ്പരയൊരുക്കുന്നത്. നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. സതീഷ് പഞ്ചാരക്കടവില്‍ എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ നിരവധി സീരിയലുകളിലേയ്ക്ക് തനിക്ക് ഓഫര്‍ വന്നെങ്കിലും നല്ല കഥാപാത്രമായതുകൊണ്ടാണ് ഇതില്‍ അഭിനയിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സന്തോഷ് പണ്ഡിറ്റിപ്പോള്‍ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. മിനിമോളുടെ അച്ഛന്‍ എന്നാണ് മൂന്നാമത്തെ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

അതിനിടെ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മെമ്പര്‍ഷിപ്പും സന്തോഷ് പണ്ഡിറ്റ് നേടിക്കഴിഞ്ഞു. താരസംഘടനയായ അമ്മയിലും അംഗത്വം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നടനിപ്പോള്‍.