ന്യൂദല്‍ഹി: ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ളവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ രാജി പിന്‍വലിച്ചു. അദ്വാനി പിതൃതുല്യനാണെന്നും അദ്ദേഹത്തെ നിഷേധിക്കാന്‍ തനിക്കാവില്ലെന്നും ഹെഗ്‌ഡേ പറഞ്ഞു. ബി ജെ പി നേതാക്കളായ നിതിന്‍ ഗാദ്കരി, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, കേന്ദ്രമന്ത്രി പി ചിദംബരം എന്നിവരും രാജി പിന്‍വലിക്കണമെന്ന് ഹെഗ്‌ഡെയോട് ആവശ്യപ്പെട്ടിരുന്നു. രാജി പിന്‍വലിച്ചകാര്യം ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ ഹെഗ്‌ഡെ ഇന്ന് അറിയിക്കും.

അഴിമതി തടയാനുള്ള ലോകായുക്തയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന മന്ത്രിസഭയില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെതുടര്‍ന്ന് കഴിഞ്ഞ 23 നായിരുന്നു ഹെഗ്‌ഡെ രാജിവച്ചത്. കര്‍ണാടകയില്‍ റെഢി സഹോദരന്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ഖനനം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കെതിരേ ഹെഗ്‌ഡേ രംഗത്തെത്തിയിരുന്നു.