തിരുവനന്തപുരം ആത്മീയാചാര്യന്‍ കരുണാകരഗുരു സ്ഥാപിച്ച തിരുവന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സന്യാസിയെ മുംബൈയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായി.ആലപ്പുഴജില്ലയിലെ ചേര്‍ത്തല സ്വദേശിയായ ജ്യോതിരൂപ ജ്ഞാന തപസ്വിയാണ് മുംബൈയില്‍നിന്നും ട്രെയിന്‍ യാത്രക്കിടെ കാണാതായത്.നാലുദിവസം മുന്‍പാണ് സംഭവം.

ആശ്രമത്തിന്റെ മുംബൈ ശാഖയില്‍ ഔദ്യോഗികാവശ്യത്തിനുപോയ ജ്യോതിരൂപ ശാഖാ മാനേജര്‍ മോഹന്‍ദാസിനൊപ്പം റെയില്‍വെസ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു.ആശ്രമജീവിതം മടുത്തുവെന്നും ഇനി തന്നെ അന്വേഷിക്കരുതെന്നും ജ്യോതിരൂപ മോഹന്‍ദാസിനോട് പറഞ്ഞുവത്രെ.മോഹന്‍ദാസാണ് ഇത്രയും വിവരങ്ങള്‍ പോത്തന്‍ക്കോട്ട് അറിയിച്ചത്.എന്നാല്‍ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന അന്തേവസികളുടെ സംശയത്തെതുടര്‍ന്ന് സംഭവം പുറത്തുവരികയായിരുന്നു.ശാന്തിഗിരിയുടെ ഭരണം നിയന്ത്രിക്കുന്ന ഗുരു രാജരത്‌നജ്ഞാന തപസ്വിയുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു 30കാരനായ ജ്യോതിരൂപ.

രത്‌നജ്ഞാനയുടെ പ്രവര്‍ത്തനങ്ങള്‍ കരുണാകരഗുരുവിന്റെ ആശയങ്ങള്‍ക്കും ആശ്രമത്തിന്റെ പവിത്രതക്കും എതിരാണെന്ന് ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ജ്യോതിരൂപയുടെ തിരോധാനം.പലതരത്തിലുള്ള പീഢനം സഹിക്കവയ്യാതെ സന്യാസിമാര്‍ ഓടിപ്പോയ സംഭവവും ആശ്രമത്തില്‍ ഉണ്ടായിട്ടുണ്ട്.