ചെന്നൈ:തമിഴ് സിനിമയുടെ അവിഭാജ്യഘടകമാണ് സന്താനം. സിനിമയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ആളുകളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നു.

സന്താനമുള്ള സിനിമയ്ക്ക് നല്ല രാശിയാണെന്ന് തമിഴ്‌സിനിമാലോകവും വിശ്വസിക്കുന്നു.അടുത്തിടെയിറങ്ങിയ ‘ബോസ് എങ്കിര ബാസ്‌കരന്‍’,സിരുത്തൈ, ‘വാനം’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനോടൊപ്പംനില്‍ക്കുന്ന കേന്ദ്രകഥാപാത്രമായിട്ടാണ് സന്താനം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ‘എന്തിരന്‍’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ സുഹൃത്തായും അദ്ദേഹം വെള്ളിത്തിരയിലെത്തി.

മുന്‍നിരനായകരില്‍ പലരും സന്താനത്തിന്റെ ഡേറ്റിനായി കാത്തുനില്‍ക്കുകയാണ്. പ്രശസ്തനായ ഒരു നിര്‍മാതാവ് പുതുമുഖത്തെവെച്ച് ഒരു സിനിമ ചെയ്യാന്‍ ആദ്യം സന്താനത്തിന്റെ ഡേറ്റുവാങ്ങുകയാണ് ചെയ്തത്. സന്താനത്തോടൊപ്പം തുടക്കം കുറിച്ചാല്‍ അതു മോശമാവില്ലെന്ന അഭിപ്രായമാണിതിനു പിന്നില്‍.

കഴിഞ്ഞയാഴ്ച തെലുങ്കിലെ സുപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ സന്താനത്തോടൊപ്പമുള്ള രംഗങ്ങളുടെ ഷൂട്ടിംഗിനായി ചെന്നൈയിലെത്തിയിരുന്നു.

കൗണ്ടമണി, ശെന്തില്‍ തുടങ്ങിയവര്‍ക്കുശേഷം തമിഴ് സിനിമാലോകത്ത് ഹാസ്യതാരമായി തന്റെ സ്ഥാനമുറപ്പിച്ച നടനായിരുന്നു വിവേക്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി വിവേകിനെയും പിന്തള്ളിക്കൊണ്ടാണ് സന്താനത്തിന്റെ മുന്നേറ്റം.

അവതരണരീതിയിലുള്ള വ്യത്യാസമാണ് അദ്ദേഹത്തെ മറ്റു കോമഡി താരങ്ങളില്‍ വേര്‍തിരിച്ചുനിര്‍ത്തിയത്.