കോഴിക്കോട്: കോഴിക്കോട്ടെ കലാലോകത്തിന്റെ മാതൃഹൃദയം ശാന്താദേവി ഓര്‍മ്മയായി. കലാകാരിയുടെ ഭൗതികദേഹം മാവൂര്‍റോഡ് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. ആചാരവെടി ഒഴിവാക്കി സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം 1.45 ഓടെ ഭൗതികദേഹം വിലാപയാത്രയായി ശ്മശാനത്തിലെത്തിച്ചു. മന്ത്രിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജില്ലാ കളക്ടര്‍ പി.ബി.സലിം, മേയര്‍ എ.കെ.പ്രേമജം തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

വെള്ളിത്തിരയിലും നാടകവേദിയിലും അനശ്വര ചിത്രങ്ങള്‍ ഒരുക്കിയ കോഴിക്കോട് ശാന്താദേവി ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അന്തരിച്ചത്.

മൂത്തമകന്‍ സുരേഷ്ബാബുവിനും കുടുംബത്തിനുമൊപ്പമായിരുന്നു നേരത്തേ ശാന്താദേവി താമസിച്ചത്. രണ്ടുമാസം മുമ്പ് മകനും കുടുംബവും സേലത്തേക്ക് താമസം മാറ്റിയതോടെ വാര്‍ധക്യത്തിന്റെ അവശതകളില്‍ കഴിയുകയായിരുന്നു അവര്‍.

മകനും കുടുംബവും താമസം മാറുമ്പോള്‍ മുറികളെല്ലാം പൂട്ടിയതിനാല്‍ വീട്ടിലെ സ്വീകരണ മുറിയിലായിരുന്നു അവര്‍ കഴിഞ്ഞത്. തൊട്ടടുത്തുള്ള അടച്ചുറപ്പില്ലാത്ത മുറിയില്‍ സാംസ്‌കാരിക കേരളം നല്കിയ ബഹുമതികളും അവാര്‍ഡുകളും അലങ്കോലമായി കിടക്കുകയായിരുന്നു.

അയല്‍വാസികള്‍ സ്‌നേഹത്തോടെ നല്കുന്ന ആഹാരം കഴിച്ചാണ് ജീവിതം നിലനിര്‍ത്തിയിരുന്നത്. രഞ്ജിത്ത് സാക്ഷാത്കാരം നിര്‍വഹിച്ച ‘കേരളകഫേ’യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ദ ബ്രിഡ്ജ്’ എന്ന ഹ്രസ്വസിനിമയിലാണ് ശാന്താദേവി ഒടുവില്‍ വേഷമിട്ടത്. ഈ ചിത്രത്തില്‍ നിസ്സഹായനായ മകന്‍ ഉപേക്ഷിക്കുന്ന വൃദ്ധയായ അമ്മയുടെ വേഷമായിരുന്നു അവര്‍ക്ക്. അത് അനുസ്മരിപ്പിക്കുന്ന ജീവിതമായി അവസാനം അവരുടെത്.

1992ല്‍ ‘യമനം’ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കു ലഭിച്ച ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ മാറോടടുക്കുമ്പോഴും അവയൊന്നും അവസാന കാലത്ത് ശാന്താദേവിക്ക് തുണയായില്ല. 480ലേറെ ചലച്ചിത്രങ്ങള്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേതുമടക്കം നൂറ്കണക്കിന് അവാര്‍ഡുകള്‍, ബഹുമതികള്‍.

‘അമ്മ” നല്‍കുന്ന തുച്ഛമായ പെന്‍ഷന്‍ തുക മാത്രമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. സിനിമാ രംഗത്തുള്ള വന്‍കിടക്കാരൊന്നും അവരെ തിരിഞ്ഞു നോക്കാന്‍ തയ്യാറായിരുന്നില്ല.

സാധാരണ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കെല്ലാം സര്‍ക്കാര്‍ ആചാരവെടി മുഴക്കാറുണ്ട്. എന്നാല്‍ ജീവിത കാലത്ത് വേണ്ടത്ര ആദരവ് നല്‍കാതിരിക്കുകയും മരണ ശേഷം ആചാരവെടി മുഴക്കുകയും ചെയ്യുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശാന്താദേവിയുടെ സംസ്‌കാരച്ചടങ്ങില്‍ ആചാരവെടി ഒഴിവാക്കിയത്.