എഡിറ്റര്‍
എഡിറ്റര്‍
ശങ്കരരാമന്‍ വധം: ജയേന്ദ്രസരസ്വതി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
എഡിറ്റര്‍
Wednesday 27th November 2013 11:21am

jayendra-saraswathi

പുതുച്ചേരി: വിവാദമായ ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.

ഉപമഠാധിപതി വിജയേന്ദ്ര സരസ്വതി ഉള്‍പ്പെടെ ആകെ 23 പ്രതികളാണ് കേസിലുണ്ടായിരുന്നത്. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.  187 സാക്ഷികളെ വിസ്തരിച്ചു.

ക്രിമിനല്‍ ഗൂഢാലോചന, തെറ്റായവിവരം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുക, കുറ്റം ചെയ്യാന്‍ പണം നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് കാഞ്ചി മഠാധിപതികള്‍ക്കെതിരെ ചുമത്തിയത്.

2004 സെപ്റ്റംബര്‍ മൂന്നിനാണ് കാഞ്ചീപുരം വരദരാജപെരുമാള്‍ ക്ഷേത്രം മാനേജര്‍ ശങ്കരരാമനെ ക്ഷേത്രപരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നിന്നു ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നടക്കുന്ന വിചാരണയില്‍ നീതി ലഭിക്കില്ലെന്നു കാണിച്ചു ജയേന്ദ്ര സരസ്വതി നല്‍കിയ ഹര്‍ജി പരിഗണിച്ചു 2005-ല്‍ സുപ്രീം കോടതി കേസ് ചെങ്കല്‍പേട്ടില്‍ നിന്ന് പുതുച്ചേരി സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു.

വിചാരണ നടപടികളുടെ വീഡിയോ ദൃശ്യം വേണമെന്നാവശ്യപ്പെട്ട, ശങ്കരരാമന്റെ മകന്‍ ആനന്ദ് ശര്‍മ ഇതില്‍ നിന്നു പിന്‍മാറുകയും വിധി പ്രസ്താവിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു രേഖാമൂലം കോടതിയെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്.

കാഞ്ചി ശങ്കരാചര്യര്‍ ജയേന്ദ്രസരസ്വതിയും പ്രധാന ശിഷ്യന്‍ വിജയേന്ദ്രസരസ്വതിയും മുഖ്യപ്രതികളായ കേസിലെ വിധി രാജ്യം മുഴുവന്‍ ഉറ്റുനോക്കിയതാണ്.

Advertisement