എഡിറ്റര്‍
എഡിറ്റര്‍
സഞ്ജുവിന് സെഞ്ചുറി; കേരളം ഭേദപ്പെട്ട നിലയില്‍
എഡിറ്റര്‍
Thursday 7th November 2013 9:22pm

sanjuvsamson1

തലശേരി: ഇരട്ട സെഞ്ചുറിക്ക് പിന്നാലെ രഞ്ജിയില്‍ മലയാളി താരം സഞ്ജു വി. സാംസണ് സെഞ്ചുറിയും. സഞ്ജുവിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കണ്ണൂരില്‍ ആന്ധ്രക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം കേരളം ഭേദപ്പെട്ട നിലയില്‍.

ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 233 റണ്‍സ് എന്ന നിലയിലാണ്. 115 റണ്‍സ് നേടി സഞ്ജു പുറത്തായി. ഓപ്പണര്‍ നിഖിലേഷ് 66 റണ്‍സ് നേടി.

കളി നിര്‍ത്തുമ്പോള്‍ 39 റണ്‍സുമായി റോബര്‍ട്ട് ഫെര്‍ണാണ്ടസും 2 റണ്ണുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ പതിനാറിലെത്തിയപ്പോള്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ ജഗദീഷാണ് പുറത്തായത്.

പിന്നാലെ ക്രീസിലെത്തിയ സഞ്ജു ഓപ്പണറായ നിഖിലേഷിനൊപ്പം കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നിഖിലേഷ് പുറത്തായതിന് പിന്നാലെ റണ്ണൊന്നും നേടാതെ റോഹന്‍ പ്രേം റണ്ണൗട്ടായത് കേരളത്തിന് തിരിച്ചടിയായി. കേരളാ സ്‌കോര്‍ 222 റണ്ണിലെത്തിയപ്പോള്‍ സഞ്ജുവും പുറത്തായി.

115 റണ്‍സെടുത്ത സഞ്ജുവിനെ ഷങ്കര റാവുവാണ് പുറത്താക്കിയത്. 281 പന്തുകളില്‍ നിന്നാണ് 28 ഫോറുകളുടെയും ഒരു സിക്‌സിന്റെയും പിന്‍ബലത്തില്‍ സഞ്ജു സെഞ്ചുറി നേടിയത്.  രഞ്ജിയിലെ സഞ്ജുവിന്റെ നാലാം സെഞ്ചുറിയാണിത്.

രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും തുടര്‍ച്ചയായ ഇന്നിംഗ്‌സുകളില്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സഞ്ജുവിന് ഇതോടെ സ്വന്തമായി. നേരത്തെ അസമിനെതിരെ നടന്ന കേരളത്തിന്റെ ആദ്യമത്സരത്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറി നേടിയത്.

Advertisement