അഹമദാബാദ്: 2002-ലെ ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഉത്തരവ് നല്‍കിയില്ലെന്ന് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപം അന്വേഷിക്കുന്ന നാനാവതി-മെഹ്ത ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുമ്പാകെയാണ് സഞ്ജീവ് ഭട്ട് മൊഴിനല്‍കിയത്.

ഗുജറാത്ത് ബന്ദിനോടനുബന്ധിച്ച് നടന്ന കലാപത്തില്‍ ഹിന്ദുക്കളുടെ ‘പക തീര്‍ക്കുന്നതിന് അവരെ അനുവദിക്കണമെന്ന്’ പോലീസ്സുകാരോട് നിര്‍ദ്ദേശിക്കുകമാത്രമല്ല കലാപത്തെ ‘അടിച്ചമര്‍ത്താന്‍ ഒരു ഉത്തരവും നല്‍കിയില്ലെന്നു’മാണ് ഭട്ട് പറഞ്ഞത്. ഇതിനോടകം തന്നെ ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിവാദ നായകനായി കഴിഞ്ഞിട്ടുണ്ട്.

2002 ഫെബ്രുവരി 27 രാത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ വെച്ചുനടന്ന രഹസ്യയോഗത്തില്‍ താന്‍ വ്യക്തിപരമായിത്തന്നെ പങ്കെടുത്തിരുന്നുവെന്ന് കഴിഞ്ഞ മാസം അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 27-ലെ യോഗത്തെക്കൂടാതെ 2 യോഗങ്ങള്‍ കൂടി നരേന്ദ്ര മോഡി വിളിച്ചുകൂട്ടിയിരുന്നെന്നും രണ്ടാമത്തെ യോഗത്തില്‍ കലാപത്തെപറ്റി വ്യക്തമായ അറിവുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഹമദാബാദിലെ ഗുല്‍ബര്‍ഗില്‍ കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെതന്നെ അറിയിച്ചിരുന്നെങ്കിലും മോഡി യാതൊന്നും തന്നെ ചെയ്തിരുന്നില്ല. അവിടുത്തെ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജഫേറിയെപ്പോലും രക്ഷിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്നും ഭട്ട് ആരോപിച്ചു.