അഹമ്മദാബാദ്: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്‌ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ഡി.ഐ.ജി സഞ്ജയ് ഭട്ടിനെയാണ് മോഡി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അനധികൃതമായി അവധിയെടുത്തു, ഓഫീസ് വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് സസ്‌പെന്‍ഷന് കാരണമായത്.

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് മോഡിയ്‌ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് ഭട്ട് മാധ്യമശ്രദ്ധ നേടിയത്. ഗോധ്ര സംഭവം നടന്ന ദിവസം രാത്രി മോഡിയുടെ വസതിയില്‍ചേര്‍ന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ന്യൂനപക്ഷത്തിനെതിരെ തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ഹിന്ദു സമുദായത്തെ അനുവദിക്കണമെന്ന് പോലീസ് സേനയോട് മോഡി ആവശ്യപ്പെട്ടിരുന്നുവെന്നും ഭട്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.