അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഐ.പി.എസ് ഓഫീസര്‍ സജ്ഞയ് ഭട്ടിന്റെ തുറന്ന കത്ത്. 2002 ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപക്കേസില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിയാണ് മോഡി തെറ്റായി വ്യാഖ്യാനിച്ചത്.

‘ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 1765 എസ്.പി.എല്‍ നമ്പര്‍ 1088 ല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി നിങ്ങള്‍ പൂര്‍ണമായും ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. സാക്കിയ ജാഫ്രി ഫയല്‍ ചെയ്ത പരാതിയില്‍ മോഡിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. മറിച്ച് ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭിക്കുവാന്‍ വേണ്ടി കോടതി ഒരു ദിശകാണിക്കുകയാണ് ചെയ്തത്.’ കത്തില്‍ ഭട്ട് പറയുന്നു.

പലരുടേയും മുഖത്ത് കള്ളച്ചിരി പരത്തിയ സുപ്രീംകോടതി ഉത്തരവ് ഏറെ ബുദ്ധിപരമായ ഒന്നാണ്. ഇത് 2002ലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍പ്രവര്‍ത്തിച്ചവരുടെ അന്ത്യം കുറച്ചുകൂടി വേഗത്തിലാക്കുന്ന ഒന്നാണ്. ഈ വിധി മോഡി തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ ഗുജറാത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഭട്ട് കുറ്റപ്പെടുത്തി.

എസ്.ഐ.ടി റിപ്പോര്‍ട്ടിന്‍മേല്‍ മോഡിക്കെതിരായി നടപടിയെടുക്കാന്‍ വിസമ്മതിക്കുകയും കേസില്‍ തീരുമാനമെടുക്കാനുള്ള അധികാരം മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കുകയും ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സെപ്റ്റംബര്‍ 12നാണ് പുറത്തുവന്നത്. മോഡിക്കെതിരെയും കലാപത്തില്‍ പങ്കാളികളായ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ പരാതിയിന്‍മേലായിരുന്നു സുപ്രീംകോടതി നടപടി.

2002 ഫെബ്രുവരി 27ന് നരേന്ദ്രമോഡിയുടെ വീട്ടില്‍ നടന്ന മീറ്റിംങില്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ തണുപ്പന്‍മട്ടില്‍ മുന്നോട്ടുപോയാല്‍ മതിയെന്ന് മോഡി നിര്‍ദേശിച്ചതായി ഭട്ട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 10മാസത്തോളം ജോലിയില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അഹമ്മദാബാദ് ഡി.സി.പി ആയിരുന്ന ഭട്ടിനെ കഴിഞ്ഞമാസം മോഡി സര്‍ക്കാര്‍ സസ്‌പെന്റ്‌ചെയ്യുകയായിരുന്നു.