എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയിയുടെ മരണം: രണ്ടാം കുറ്റാരോപിതനായ സഞ്ജിത് വിശ്വനാഥ് അറസ്റ്റില്‍; ഇത്തവണയും മുന്‍കൂര്‍ ജാമ്യം ‘രക്ഷനാകും’
എഡിറ്റര്‍
Wednesday 5th April 2017 8:52pm

 

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ രണ്ടാം കുറ്റാരോപിതനായ സഞ്ജിത്ത് വിശ്വനാഥന്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കും.

ഇന്നലെ കേസിലെ ഒന്നാം കുറ്റാരോപിതനായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്തതിനു ശേഷം കൃഷ്ണദാസിനെ വിട്ടയച്ചിരുന്നു. കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്നായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം.

ഇതിനു പിന്നാലെയാണ് കേസിലെ മുഴുവന്‍ കുറ്റാരോപിതരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സത്യാഗ്ഹ സമരം ആരംഭിച്ചത്. എന്നാല്‍ പൊലീസ് ബലപ്രയോഗത്തിലൂടെ മഹിജയേയും മറ്റു ബന്ധുക്കളേയും സമര മുഖത്തു നിന്നും മാറ്റുകയായിരുന്നു.

പൊലീസിന്റെ അതിക്രമത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തേ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്തെത്തിയിരുന്നു. ബാഹ്യ ഇടപെടല്‍ മൂലമാണ് സംഘര്‍ഷമുണ്ടായതെന്നായിരുന്നു ഡി.ജി.പിയുടെ വിശദീകരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതുപറയുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ശാസിച്ചിരുന്നു. ലോക്നാഥ് ബെഹ്റയെ ഫോണില്‍ ബന്ധപ്പെട്ടാണ് വി.എസ് ചീത്ത വിളിച്ചത്. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റ് ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.


Also Read: ‘അഭിമാനം തോന്നുന്നു ഇരട്ടചങ്കുള്ള ജനനേതാവിനെ ഓര്‍ത്ത്’; വൈറലായി പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോള്‍ ജിഷ്ണു ഫെയസ്ബുക്കില്‍ കുറിച്ച വാക്കുകള്‍


സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്തത് കൃത്യനിര്‍വ്വഹണം മാത്രമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഡി.ജി.പി ഓഫീസിനു മുന്നില്‍ പ്രശ്‌നമുണ്ടാക്കിയത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്. തോക്കുസ്വാമി ഉള്‍പ്പെടെയുള്ളവരാണ് ഒപ്പമുണ്ടായിരുന്നത് എന്നാണറിയുന്നത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സന്നദ്ധനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഐ.ജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് കൊണ്ടുപോയത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Advertisement