അഹമ്മദാബാദ്: സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് അറസ്റ്റിലായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് കത്തയച്ചു. സത്യം പറഞ്ഞതിന്റെ പേരിലാണ് തന്റെ ഭര്‍ത്താവിന് ബലിയാടാകേണ്ടി വന്നതെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നതിലേയ്ക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് കത്തില്‍ വിശദമാക്കുന്നുണ്ടെന്നാണ് സൂചന. ഗുജറാത്ത് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ഭട്ടിനെ കുടുക്കുകയായിരുന്നു. അദ്ദേഹത്തെ അവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ട്. ജയിലില്‍ ഒരു ജീര്‍ണ്ണിച്ച സെല്ലിലാണ് അദ്ദേഹത്തെ അടച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.

സംസ്ഥാന പൊലീസിന്റെ കീഴില്‍ അദ്ദേഹത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്നുള്ള ശ്വേതയുടെ ഭയം കത്തില്‍ വ്യക്തമാണ്.

മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാതി നല്‍കാന്‍ ഭട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഭട്ടിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ഹരജി ശനിയാഴ്ച കോടതി തളളിയിരുന്നു. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ഭട്ട് ഇപ്പോള്‍ സബര്‍മതി ജയിലിലാണ്. ഭട്ട് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ സെഷന്‍സ് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടസ് അയച്ചിട്ടുണ്ട്.

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

സജ്ഞീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഭാര്യ