ന്യൂദല്‍ഹി: ഹരിയാനയില്‍ റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമം സകല സീമകളും മറി കടന്ന് മുന്നേറുകയാണ്. അക്രമത്തില്‍ 29 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് രംഗത്തെത്തിയിരിക്കുകയാണ്. അക്രമം തടയാന്‍ റാം റഹീമിനെ ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് കൊണ്ടു പോകുമോ എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പ്രതികരണം.

കശ്മീരില്‍ കല്ലേറുകാരെ തടയാന്‍ സൈന്യം യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടി വച്ച സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സഞ്ജീവ് ഭട്ടിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഷ്ട്രപതി പ്രതികരണം നടത്തിയത്.

‘അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നു. കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല.’ അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


Also Read:  ‘ദല്‍ഹിയിലുമുണ്ടെടാ പിടി’; വിവാദ ആള്‍ദൈവം റാം റഹീമിനെ പുകഴ്ത്തിയ നരേന്ദ്രമോദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. അക്രമ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് തേടി. വിവിധയിടങ്ങളിലായി ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.