ന്യൂദല്‍ഹി: പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് നിര്‍മിച്ച ‘ഐ ആം’ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അതേ മാര്‍ഗത്തിലൂടെ അടുത്ത ചിത്രത്തിലേയ്ക്ക് നീങ്ങുകയാണ് നിര്‍മാതാക്കളായ സഞ്ജയ് സുരിയും ഒനിറും. ഐ ആമിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ദലിതനായ 14കാരനും ഉയര്‍ന്ന ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയുമായാണ് ഇരുവരും വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

Ads By Google

പുതിയ ചിത്രത്തിന് ചൗരങ്ക എന്നാണ് ഇവര്‍ ഇട്ടിരിക്കുന്ന പേര്. അറിയപ്പെടാത്ത  ഗ്രാമത്തിലെ ഒരു ദലിത് ആണ്‍കുട്ടി നഗരത്തിലെ  സ്‌കൂളില്‍ പഠിക്കണമെന്ന ആഗ്രഹവുമായി വളരുന്നു. തുടര്‍ന്ന് അവന്‍ അനുഭവിക്കേണ്ടിവരുന്ന വെല്ലുവിളികളും തുറന്നു പറയാത്ത അവന്റെ പ്രണയത്തിലേയ്ക്കും വികസിക്കുന്നതാണ് ഇതിന്റെ പ്രമേയം.

Subscribe Us:

‘ഒനിറുമായി വീണ്ടും ചൗരങ്കയില്‍ രുമിച്ചു പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണ്. ദലിതനായ ഒരു പതിനാലുകാരനും ഉന്നത ജാതിയില്‍പെട്ട 16കാരിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണിത്.’ സൂരി പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മാണത്തില്‍ പൊതുജനങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാതാക്കള്‍ അവരില്‍ നിന്നും ചിത്രം നിര്‍മിക്കുന്നതിനായി പണം സ്വരൂപിക്കുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപ ജനങ്ങളില്‍ നിന്നും ഇതിനോടകം സ്വരൂപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വെബ്‌സൈറ്റ് മുഖേനയാണ് പണസ്വരൂപണം നടത്തുന്നത്.

ഇത്തരമൊരു സിനിമയ്ക്ക് പ്രചോദനമായത്  ഇന്ത്യയുടെ അറിയപ്പെടാത്ത ഒരുമൂലയില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കടുത്ത ജാതീയ അടിച്ചമര്‍ത്തലിന്റെ കഥയാണ് ചൗരങ്കയ്ക്ക് പറയാനുള്ളത്.

ജനകീയ പങ്കാളിത്തത്തോടെ ചലച്ചിത്രം നിര്‍മാണം നടത്തിയ പാരമ്പര്യമുള്ള കേരളം ഈ ചിത്രത്തെ ഏറ്റുവാങ്ങുമോ എന്ന് നോക്കിക്കാണേണ്ടതുണ്ട്. ജോണ്‍ എബ്രഹാമായിരുന്നു ജനകീയ സിനിമ എന്ന ആശയം ഇന്ത്യന്‍ സിനിമകളില്‍ ആദ്യമായി പരീക്ഷിക്കുന്നത്.