ന്യൂദല്‍ഹി: പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗം അര്‍ജുന്‍ ഗുപ്ത.

ബന്‍സാലിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തുടര്‍ന്നും പദ്മാവതി പോലുള്ള സിനിമകളെടുക്കുമെന്നും അത്‌കൊണ്ട് നടപടിയെടുക്കാന്‍ അഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അര്‍ജുന്‍ ഗുപ്ത പറഞ്ഞു.

സിനിമയില്‍ പൊതുവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്ത് മാത്രമേ റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് രാജസ്ഥാന്‍ അഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയയും പറഞ്ഞിരുന്നു.

അതേ സമയം തന്റെ ചിത്രത്തില്‍ റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളില്ലെന്ന് ബന്‍സാലി വ്യക്തമാക്കിയിരുന്നു. അത്തരം രംഗങ്ങള്‍ തങ്ങള്‍ ചിത്രീകരിച്ചിട്ടില്ല. ആരാണ് കുപ്രചരണം നടത്തിയതെന്ന് അറിയില്ലെന്നും ബന്‍സാലി പറഞ്ഞിരുന്നു.

 

ഡിസംബര്‍ ഒന്നിനാണ് റിലീസിങ്. അതിനിടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്ന് ബി.ജെ.പിയും രംഗത്ത് വന്നിരുന്നു.

ഹിന്ദു രജ്പുത് രാജകുമാരിയായ പദ്മാവതിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. ഇതാണ് വിവാദത്തിന് കാരണമായത്.

ചിത്രം രജപുത്ര സംസ്‌ക്കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.