സിനിമാ പുറത്തിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ പണിയാണ് ജഡ്ജിംങ്ങെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലി. റിയാലിറ്റി ഷോയില്‍ ജഡ്ജായി നിയമിതനായ ശേഷമാണ് ബന്‍സാലിയുടെ ഈ കമ്മന്റ്.

സംഗീത റിയാലിറ്റി ഷോയായ എക്‌സ് ഫാക്ടറിന്റെ ജഡ്ജായി ബന്‍സാലി ചുമതലയേറ്റിരിക്കുകയാണ്. പിന്നണി ഗായകരായ സോനു നിഗം, ശ്രേയ ഘോഷാല്‍ എന്നിവരാണ് മറ്റ് ജഡ്ജസ്.

‘സിനിമാസംവിധാനവും ജഡ്ജിംങ്ങും രണ്ട് വ്യത്യസ്തകാര്യങ്ങളാണ്. എന്നാല്‍ സംവിധാനത്തേക്കാള്‍ കുഴപ്പം പിടിച്ച പണിയാണ് ജഡ്ജിംങ്. നമ്മള്‍ പറയുന്ന ഓരോ കാര്യവും ഒപ്പിയെടുക്കാന്‍ ക്യാമറകളുണ്ടാവും. നമ്മുടെ ചലനങ്ങള്‍ വരെ പ്രേക്ഷകര്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സംവിധാനം ചെയ്യുന്ന സമയത്ത് ഞാന്‍ ക്യാമറയ്ക്ക് പിന്നിലായിരിക്കും. അതിനാല്‍ അത്ര ടെന്‍ഷനും ഉണ്ടാവില്ല.’ ബന്‍സാലി പറഞ്ഞു.

‘ജഡ്ജായിരിക്കുന്ന സമയത്ത് മറ്റൊരാളുടെ ജീവിതത്തിന്റെയും ഭാവിയുടേയും ഉത്തരവാദിത്തം നമ്മുടെ മേല്‍വരുന്നതുപോലെയാണ്. തെറ്റായ ഒരു വിലയിരുത്തല്‍ ഒരു പക്ഷേ ഒരാളുടെ ജീവിതം തന്നെ നശിപ്പിച്ചേക്കാം.

ബ്രിട്ടനില്‍ ഏറെ പ്രശസ്തമായ ഈ റിയാലിറ്റിഷോയിലൂടെ നല്ലൊരു ഗായകനെയോ, ഗായികയെയോ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബന്‍സാലിയിപ്പോള്‍.